X

ഹൃദയങ്ങള്‍ക്ക് സാന്ത്വനം; സമൂഹത്തിന് ആശ്വാസം

ഡോ. എം.എ അമീറലി

ഇന്ന് ലോക പാലിയേറ്റീവ് ദിനം

‘ഡോക്ടറെ, എല്ലാം ഒന്ന് അവസാനിച്ച് കിട്ടുമോ?’ സാന്ത്വന പരിചരണരംഗത്ത് നിന്ന് ഏറ്റവും അധികം കേട്ട ചോദ്യങ്ങളില്‍ ഒന്നാണിത്. ഒരുപാട് പ്രതീക്ഷകളില്‍ ജീവിതത്തെ നോക്കിക്കണ്ട മനുഷ്യന്‍ തന്റെ നിസ്സഹായതയുടെ ഏറ്റവും താഴ്ന്ന പടിയില്‍ നില്‍ക്കുമ്പോള്‍ ഇതല്ലാതെ മറ്റൊരു ആവശ്യവും മുന്നില്‍ വരുന്നില്ല എന്നതാണ് സത്യം. നേരിട്ട് മരണത്തെ ക്ഷണിച്ച് വാങ്ങാനുള്ള അവന്റെ മാനസികാവസ്ഥയാണിതിലൂടെ വെളിവാകുന്നത്. അത്തരത്തിലുള്ള ചിന്തയിലേക്ക് മനസ് മാറാന്‍ എന്തായിരിക്കും കാരണം? രോഗം ബാധിച്ചത് മനസിനോ ശരീരത്തിനോ? രോഗം ആദ്യം ബാധിക്കുന്നത് മനസ്സിനോ ശരീരത്തിനോ? മിക്കപ്പോഴും അത് മനസ്സിനാണെന്നാണ് അനുഭവം. മനസ്സിനെ ബാധിക്കുന്ന വിഷാദാവസ്ഥകളാണ് പലപ്പോഴും ശരീരത്തെ കൂടുതല്‍ രോഗാതുരമാക്കുന്നത്. മാറാരോഗങ്ങള്‍ മൂലം ജീവിതത്തിന്റെ പ്രതീക്ഷകളും മോഹങ്ങളും അസ്തമിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അതായത്, നമ്മുടെ ചുറ്റുപാടിലുമുള്ള ആയിരക്കണക്കിനാളുകള്‍ പലതരത്തിലുള്ള സാമാശ്വാസം തേടിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ ശരീരത്തിനാണെങ്കില്‍, മറ്റു ചിലര്‍ മനസ്സിന്.

ഇവിടെയാണ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ പ്രസക്തി. സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും കുരുക്കിട്ട്, മാരക രോഗങ്ങള്‍ ജീവിതത്തിന്റെ നിറംകെടുത്തിയവര്‍ക്കാണ് സാന്ത്വന പരിചരണം ആവശ്യമായിവരുന്നത്. ജീവിതത്തില്‍ ഒന്നിനോടും താല്‍പര്യമില്ലാതാവുകയും ജീവിതം തന്നെ വ്യര്‍ഥമെന്ന് തോന്നുകയും ചെയ്യുന്ന തരത്തിലുള്ള അവസ്ഥകളില്‍, ആത്മവിശ്വാസവും ആത്മധൈര്യവും നല്‍കുകയും മുന്നോട്ട്ജീവിക്കാന്‍ പ്രേരിപ്പിക്കുകയുമാണ് പാലിയേറ്റീവ് കെയര്‍ സംവിധാത്തിലൂടെ ചെയ്യുന്നത്. ഇവിടെ, അവരുടെ നാനോമുഖമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അതിനൊക്കെ പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുകയും ചെയ്യേണ്ടിവരുന്നു. രോഗം ശമിപ്പിക്കാനുള്ള ചികിത്സ മാത്രമേ വൈദ്യശാസ്ത്രത്തിന് നല്‍കാന്‍ കഴിയൂ. എന്നാല്‍ മരുന്നും ചികിത്സയും നിഷ്ഫലമാകുന്ന ഘട്ടങ്ങളില്‍ രോഗികളെ എങ്ങനെ ആശ്വസിപ്പിക്കും? സാന്ത്വനിപ്പിക്കും? മാറാരോഗങ്ങള്‍ പിടിപെട്ട രോഗികള്‍ പലപ്പോഴും വലിയ വേദന തിന്നാണ് മരണത്തിലേക്ക് നീങ്ങുന്നത്. ഒരു മനുഷ്യന്റെ അവസാന ജീവിതകാലം അത് എത്ര ചെറുതായാലും അര്‍ഥപൂര്‍ണമാക്കാന്‍ ആവശ്യമായ പരിചരണം നല്‍കലാണ് പാലിയേറ്റീവ് കെയര്‍ ചെയ്യുന്നത്. വേദന തിന്ന് മരണത്തിലേക്ക് പോകുന്ന അവസ്ഥയിലുള്ള രോഗികളില്‍ മഹാഭൂരിപക്ഷത്തിനും ശുശ്രൂഷയോ മനസ്സ് ശാന്തമാക്കാനുള്ള പരിചരണമോ ലഭ്യമാകുന്നില്ല. രോഗികള്‍ ഒറ്റപ്പെടുന്ന അവസ്ഥ സംജാതമാകുന്നു. കുടുംബവും ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഇത്തരം ഘട്ടങ്ങളില്‍ അവരുടെ ശാരീരിക പ്രയാസങ്ങളെ മാത്രം ചികിത്സച്ചാല്‍ പോര, അവരനുഭവിക്കുന്ന മറ്റു മാനസിക, സാമൂഹിക, സാമ്പത്തിക, ആത്മീയപ്രശ്‌നങ്ങള്‍കൂടി അഭിമുഖീകരിക്കപ്പെടണം. ഇതെല്ലാം കൂടിയാണ് ജീവിതത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നത്. ഒന്നുകൂടി വ്യക്തിമാക്കിയാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ സമൂഹത്തിനും വ്യക്തമായ പങ്ക് ഈ രംഗത്ത് വഹിക്കാനുണ്ട്.

നിസ്സഹായാവസ്ഥയില്‍ ആശ്വാസം തേടുന്ന ഹൃദയങ്ങള്‍ക്ക് അത് പകര്‍ന്ന്‌നല്‍കുമ്പോള്‍ അതിലൂടെ ആശ്വസിപ്പിക്കപ്പെടുന്നത് ചുറ്റുമുള്ളവര്‍ കൂടിയാണ്. വേദന കൊണ്ട് പുളയുന്ന മനുഷ്യന്റെ അസ്വസ്ഥതകള്‍ അവനെ മാത്രമല്ല ചുറ്റും നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ക്കും നോവനുഭവങ്ങളാണ്. അവന് ലഭിക്കുന്ന ആശ്വാസം അവരുടേത് കൂടിയാണ്. ഈ രംഗത്ത് മുസ്‌ലിം ലീഗ് കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തിയ ഇടപെടലുകളിലൂടെ വലിയ തരത്തിലുള്ള നിശബ്ദ വിപ്ലവത്തിനാണ് തിരികൊളുത്തിയത്. സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത് കോഴിക്കോട് സി.എച്ച് സെന്റര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൂക്കോയതങ്ങള്‍ ഹോസ്പിസ്, എ.ഐ.കെ എം.സി.സി ബംഗലൂരു സെന്‍ട്രല്‍ കമ്മറ്റിക്ക് കീഴിലെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി, തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിക്ക് കീഴിലെ ഖാഇദെ മില്ലത്ത് സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്നീ സംവിധാനങ്ങളിലൂടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്കുള്ള പാലിയേറ്റീവ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നതിലൂടെ കാലം ആഗ്രഹിക്കുന്ന ഏറ്റവും വലിയ ജീവകാരുണ്യ മേഖലയിലും തനത് മുദ്ര പാര്‍ട്ടി പതിപ്പിച്ചുകഴിഞ്ഞു. പി.ടി.എച്ചിനു കീഴില്‍ നിലവില്‍ 17 സ്ഥലങ്ങളിലായി 23 പാലിയേറ്റീവ് ഹോം കെയര്‍ യൂണിറ്റുകള്‍, 2 ഫിസിയോ തെറാപ്പി ഹോം കെയര്‍ യൂണിറ്റ്, രണ്ട് 24 ഃ 7 ഹോംകെയര്‍ യൂണിറ്റ്, ഒരു നൈറ്റ് എമര്‍ജന്‍സി ഹോം കെയര്‍ യൂണിറ്റ് എന്നിവയും ബാംഗ്ലൂര്‍, മൈസൂര്‍, കുടക്, ഗൂഢല്ലൂര്‍ എന്നിവിടങ്ങളിലായി 6 ഹോം കെയര്‍ യൂണിറ്റുകള്‍ എസ്.ടി.സി.എച്ചിനു കീഴിലും ചെന്നൈയില്‍ രണ്ട് ഹോം കെയര്‍ യൂണിറ്റുകള്‍ ക്യു.എം.സി.എച്ചിനു കീഴിലും പ്രവര്‍ത്തിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖയനുസരിച്ച് 16 മണിക്കൂര്‍ പരിശീലനം പൂര്‍ത്തിയാക്കിയ 2690 വളണ്ടിയര്‍മാരും ഏകദിന പരിശീലനം പൂര്‍ത്തിയാക്കിയ 520 വിദ്യാര്‍ഥി വളണ്ടിയര്‍മാരുമാണ് ഇതിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന് തന്നെ മാതൃകയാവുന്ന തരത്തിലുള്ള സാന്ത്വന പരിചരണ ഗ്രാമമാണ് പാനൂരിനടുത്ത കല്ലിക്കണ്ടിയില്‍ പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജിയുടെ കുടുംബം സംഭാവന നല്‍കിയ നാല് ഏക്കര്‍ ഭൂമിയില്‍ സ്റ്റിംസ് വില്ലേജ് എന്ന പേരില്‍ ഉയരുന്നത്.

 

 

 

Test User: