X

പുത്തുമലയിലെ സോയില്‍ പൈപ്പിങ് പ്രതിഭാസം കോഴിക്കോടും; കാരശ്ശേരിയില്‍ പരിശോധന നടത്തി

1) കോഴിക്കോട് കാരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കോറി, 2) വയനാട് പുത്തുമലയിലെ ദുരിത ഭൂമി

വയനാട് പുത്തുമലയില്‍ അതിശക്തമായ മണ്ണിടിച്ചിലിന് കാരണമായത് സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന സംശയം നിലനില്‍ക്കെ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന് സാധ്യതയുള്ള കോഴിക്കോട് കാരശ്ശേരില്‍ പരിശോധന നടത്തി. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈകാടന്‍ മലയില്‍ കലക്ടറേറ്റില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം മൈനര്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥന്മാര്‍ പ്രദേശം സന്ദര്‍ശിച്ചത്. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യതക്കുള്ള അടയാളമായാണ് ഈ പ്രതിഭാസം ഉണ്ടായതെന്നാണ് വിലയിരുത്തല്‍.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ മൈനിങ് ആന്‍ഡ് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ചാല്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയുമെന്നും സ്ഥലത്തെത്തിയ മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫൈസല്‍ പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് ശക്തമായ വെള്ളപ്പൊപ്പം രൂപപ്പെട്ട സ്ഥലമായിരുന്നു കോഴിക്കോട് കാരശ്ശേരി. വെള്ളക്കെട്ട് രൂക്ഷമായ കുമാരനല്ലൂര്‍ വില്ലേജിലെ തോട്ടക്കാട് പൈക്കാടന്‍മലയിലാണ് സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിന് സമാനമായ രീതി റിപ്പോര്‍ട്ട് ചെയ്്തത്. മരങ്ങള്‍ കൂട്ടമായി വെറ്റിമാറ്റുമ്പോള്‍ വരുന്ന മുരടുകള്‍ ദ്രവിച്ച് മണ്ണിനടിയിലേക്ക് വെള്ളം ക്രമാതീതമായി എത്തുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിംഗ്.

ഇന്നലെ വൈകീട്ട് ദ്രവിച്ച മരത്തടിയുടെ വേരിന് അടിയില്‍ നിന്നും വെള്ളവും പശിമയുള്ള ചെളിയും തിരിച്ച് ഒഴുകിയെത്തിയത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ആശങ്ക സൃഷ്ടിച്ചത്. ഇന്ന് രാവിലെ ആകുമ്പോഴേക്കും ഒഴുകിയെത്തിയ ചെളിയുടെയും വെള്ളത്തിന്റെയും അളവ് കൂടിയതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതോടെ ഭീതിലായ പ്രദേശവാസികള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തോട് ചേര്‍ന്നാണ് ഈ പ്രതിഭാസവും കാണുന്നത്. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണ് കാരശ്ശേരിയിലേത്. ഇത്തരത്തില്‍ ക്വാറികളില്‍ പാറപൊട്ടിക്കുന്നത് സോയില്‍ പൈപ്പിംങിന്റെ ആഘാതം കൂട്ടുമെന്ന് നേരത്തെ പഠനങ്ങളില്‍ വ്യക്തമായിരുന്നു.

വയനാട് പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. അതിശക്തമായ മഴയും സോയില്‍പൈപ്പിംഗും ഇതിന് കാരണമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

1980കളില്‍ മരം മുറിയെ തുടര്‍ന്ന് മുറിച്ച് മാറ്റപ്പെട്ട വൃക്ഷങ്ങളുടെ വേരുകള്‍ ദ്രവിച്ച് ഒന്നര മീറ്റര്‍ ആഴത്തിലുളളതും പാറയോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ മേല്‍മണ്ണില്‍ ദ്വാരങ്ങള്‍ രൂപപ്പെടുന്നതിന് ഇടയാക്കി. ഇത്തരം കാരണങ്ങള്‍ പൈപ്പിംഗ് പ്രതിഭാസത്തിന് കാരണമാവുകയും അത് മേല്‍മണ്ണ് പാറയില്‍ നിന്ന് വേര്‍പ്പെട്ട് അതിവേഗം പതിക്കുന്നതിനും കാരണമായെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ പഠനം വേണമെന്നും ജില്ലാകലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. വിശദമായ പഠനം നടത്തണമെന്നാണ് ജില്ലാമണ്ണ് സംരക്ഷണവകുപ്പ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

20 ശതമാനം മുതല്‍ 60 ശതമാനം ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഈ പ്രദേശത്ത് ശരാശരി 1.50 മീറ്റര്‍ മാത്രമാണ് മണ്ണിന് കനമുണ്ടായിരുന്നത്. ഇത് ഒന്‍പതിടങ്ങളില്‍ നിന്നായി ഏകദേശം 20 ഹെക്ടറോളം ഭാഗം ഇടിഞ്ഞ് താഴേക്ക് ഒഴുകി.

chandrika: