മുംബൈ: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഡി.ജി വന്‍സാരയടക്കം ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ഉയര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയുള്ള ഹര്‍ജികള്‍ മുംബൈ ഹൈക്കോടതി തള്ളി. ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍മാരായ രാജ്കുമാര്‍ പാണ്ഡ്യന്‍, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് മേധാവി ഡി.ജി വന്‍സാര, ഗുജറാത്ത് പൊലീസ് ഓഫീസര്‍ എന്‍.കെ അമിന്‍, രാജസ്ഥാന്‍ ഐ.പി.എസ് ഓഫീസര്‍ ദിനേശ് എം.എന്‍, രാജസ്ഥാന്‍ പൊലീസ് ഓഫീസര്‍ ദളപത് സിങ് റാഥോഡ് എന്നിവരെയാണ് മുംബൈ ഹൈക്കോടതി കുറ്റ വിമുക്തരാക്കിയത്.
ഇവരെ വെറുതെ വിടുന്നതിനെതിരെ അഞ്ച് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. അതില്‍ മൂന്നും പാണ്ഡ്യന്‍, ദിനേശ്, വന്‍സാരെ എന്നിവരെ വിട്ടയക്കുന്നതിനെതിരെ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിന്റെ സഹോദരന്‍ റുബാബുദീന്‍ ഷെയ്ഖ് നല്‍കിയതായിരുന്നു. ബാക്കി രണ്ടെണ്ണം അമിന്‍, റാഥോഡ് എന്നിവര്‍ക്കെതിരെ സി.ബി.ഐ നല്‍കിയ ഹര്‍ജികളായിരുന്നു.
സി.ബി.ഐ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി എന്നിവര്‍ 2005ല്‍ നടന്ന ഒരു വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ശേഷം, ഒരു വര്‍ഷത്തിനിടെ അവരുടെ സഹായിയായ തുളസിറാം പ്രജാപതിയും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ ഒരുപറ്റം പോലീസുകാരുടെ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകങ്ങളെന്നാണ് ആരോപണം.
സൊഹ്‌റാബുദീന്‍ ഷെയ്ഖ്, ഭാര്യ, സഹായി എന്നിവരുടെ മരണശേഷം വിട്ടയച്ച അഞ്ച് പേരുള്‍പ്പെടെ 38 പേരെയാണ് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. സൊഹ്‌റാബുദ്ദീന് തീവ്രവാദ ബന്ധമുണ്ടെന്നാണ് ഗുജറാത്ത് പൊലീസ് ആരോപിച്ചത്. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 38 പേരില്‍ 15 പേരെ വെറുതെ വിട്ടിരുന്നു. അതില്‍ 14 പൊലീസുകാരും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടുന്നു.