X
    Categories: CultureMoreViews

സൊഹറാബുദ്ദീന്‍ കേസ്: സുരക്ഷ നല്‍കാമെങ്കില്‍ അമിത് ഷാക്കെതിരെ സാക്ഷി പറയാന്‍ തയ്യാറെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹറാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സാക്ഷി പറയാതിരിക്കാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന് സാക്ഷിയുടെ വെളിപ്പെടുത്തല്‍. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സാക്ഷിയുടെ ഭാര്യ കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ പറയുന്നു. വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊഹറാബുദ്ദീനും പ്രജാപതിക്കും ഒപ്പം ഹമീദ് കൊലപാതക കേസില്‍ അറസ്റ്റിലായ 40 വയസുകാരനാണ് കേസിലെ സാക്ഷി.

ഒളിവില്‍ കഴിയുന്ന ഇയാളുടെ ഭാര്യ തിങ്കളാഴ്ച പ്രോസിക്യൂഷന്‍ സാക്ഷിയായി കോടതിയില്‍ ഹാജരായപ്പോഴാണ് ഇയാളുടെ വെളിപ്പെടുത്തലുകള്‍ അടങ്ങിയ കത്ത് കോടതിയില്‍ നല്‍കിയത്. ഹിന്ദിയിലായിരുന്നു കത്ത്. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനില്‍ തനിക്കെതിരെ അഞ്ച് വ്യാജ കേസുകള്‍ ചുമത്തിയതായി ഇയാള്‍ കത്തില്‍ പറയുന്നു. എന്താണ് ഏറ്റുമുട്ടലില്‍ നടന്നതെന്ന സത്യം എനിക്കറിയാം. അത് കോടതിക്ക് മുന്നില്‍ പറയുകയും ചെയ്യാം. പക്ഷേ എന്നേയും വ്യാജ ഏറ്റുമുട്ടല്‍ നടത്തി കൊല്ലുമെന്ന പേടിയുണ്ട്. അല്ലെങ്കില്‍ എന്തെങ്കിലും ക്രിമിനല്‍ കേസില്‍ കുടുക്കി ജയിലിലടക്കും. അതുകൊണ്ടാണ് കോടതിയില്‍ ഹാജരാകാന്‍ വൈകുന്നത്.സുരക്ഷ ഉറപ്പ് നല്‍കുകയാണെങ്കില്‍ നടന്ന കാര്യങ്ങള്‍ കോടതിയില്‍ തുറന്ന് പറയാന്‍ തയ്യാറാണ്- കത്തില്‍ പറയുന്നു.

സൊഹറാബുദ്ദീന്‍ കേസ് പരിഗണിച്ചിരുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജസ്റ്റിസ് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. പിന്നാലെയെത്തിയ സി.ബി.ഐ കോടതി ജഡ്ജി എം.ബി ഗോസായ് അമിത് ഷാ വിചാരണ നേരിടേണ്ടതില്ലെന്ന് പറഞ്ഞ് നിരുപാധികം കുറ്റവിമുക്തനാക്കുകയായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: