ന്യുഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദിന്‍ ഷെയ്ഖ് കേസില്‍ വിചാരണയ്ക്ക് മേല്‍നോട്ടം വഹിച്ച മുംബൈ സിബിഐ പ്രത്യേക കോടതി ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പുതിയ അന്വേഷണം ആവശ്യമാണെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. കേസില്‍ ആദ്യന്തം ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ടെന്നു സംശയിക്കണമെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
അമിത് ഷാ പ്രതിയായിരുന്ന കേസില്‍ തുടക്കംമുതല്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കണം. ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തില്‍ മരിച്ചതും ഈ ജഡ്ജിക്ക് ബോംബെ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി നൂറുകോടിരൂപ കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണവും അതീവഗൗരവമുള്ളതാണ്. സംശയങ്ങള്‍ നീക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ട്. സിന്‍ഹ പറഞ്ഞു.
സ്വകാര്യ ചാനലിനോടു പ്രതികരിക്കവയൊണ് അദ്ദേഹം അമിത് ഷായെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കൂടുതല്‍ കുരുക്കിലാക്കുന്നതാണ്. കേസിലെ നടപടികള്‍ അവസാനിപ്പിച്ച രീതി, ജഡ്ജിമാരെ മാറ്റിയരീതി, വാദം കേട്ട ജഡ്ജിയുടെ മരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണം എല്ലാം ഗുരുതര വിഷയങ്ങളാണെന്ന് യശ്വന്ത് സിന്‍ഹ പറയുന്നു.
വിചാരണ സമയത്ത് അമിത് ഷാ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ പേരില്‍ അദ്ദേഹത്തെ ശാസിച്ച ജഡ്ജിയെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് 2014 ജൂണില്‍ ജസ്റ്റീസ് ലോയ സിബിഐ കോടതിയുടെ പ്രത്യേക ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നത്.ഒക്ടോബര്‍ 31ന് നടന്ന വാദത്തില്‍ എന്തുകൊണ്ടാണ് അമിത് ഷാ ഹാജരാകാതിരുന്നതെന്ന്് ജസ്റ്റീസ് ലോയ വിചാരണവേളയില്‍ ചോദിച്ചിരുന്നു. അമിത് ഷാ സംസ്ഥാനത്തുണ്ടാവുന്ന സന്ദര്‍ഭങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കണമെന്നു പ്രതിഭാഗം അഭിഭാഷകനോടു ലോയ നിര്‍ദേശിച്ചു.
വിചാരണയ്ക്കിടെ 2014 ഡിസംബര്‍ ഒന്നിന് നാഗ്പുരില്‍വച്ചാണ് ജസ്റ്റീസ് ലോയ മരണപ്പെട്ടത്. കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയുന്നതിനുവേണ്ടി അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മോഹിത് ഷാ തന്റെ സഹോദരന് നൂറു കോടി രൂപ കൈക്കൂലി വാഗ്ദാനം നല്‍കിയതായി ലോയയുടെ സഹോദരിയായ അനുരാധ ബിയാനി വെളിപ്പെടുത്തിയിരുന്നു. ജസ്റ്റീസ് ലോയയുടെ മരണത്തിനുശേഷം ജസ്റ്റീസ് എം.ബി. ഗോസാവിയാണ് സൊഹ്‌റാബുദിന്‍ കേസിന്റെ വിചാരണ കേള്‍ക്കുന്നതിനായി നിയമിക്കപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ പ്രതിഭാഗം വാദം അംഗീകരിച്ച ജസ്റ്റീസ് ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കി വിധി പറയുകയും ചെയ്തു.
സൊഹ്‌റാബുദീന്‍ കേസ്
സൊഹ്‌റാബുദീന്‍ ഷെയ്ഖിനെയും ഭാര്യ കൗസര്‍ബിയെയും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയി ഗാന്ധിനഗറിനു സമീപം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണു കേസ്. സംഭവത്തിനു സാക്ഷി തുളസീറാം പ്രജാപതിയെ ഗുജറാത്തിലെ ചപ്രി ഗ്രാമത്തില്‍ 2006 ഡിസംബറില്‍ പൊലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസും സൊഹ്‌റാബുദീന്‍ കേസും ഒരുമിച്ചാക്കാന്‍ 2013ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കേസിലെ 38 പ്രതികളില്‍ 15 പേരെ കോടതി വിട്ടയച്ചു. ഇതില്‍ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു.