നിലവില്‍ നിരവധി പേരില്‍ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് സോഡിയം കുറയുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളും. രക്തസമ്മര്‍ദം നിലനിര്‍ത്താനും മറ്റു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും വളരെയേറെ ആവശ്യമുള്ള ഒരു മൂലകമാണ് സോഡിയം. രക്തത്തിലെ സോഡിയത്തിന്റെ സാധാരണ അളവ് 125 മുതല്‍ 135 വരെയാണ്.
ക്ഷീണം, തളര്‍ച്ച, തലവേദന, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങളാണ് സോഡിയം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍, തുടര്‍ന്ന് അസാധാരണമായ പെരുമാറ്റം, അപസ്മാരലക്ഷണങ്ങള്‍, അഗാധമായ അബോധാവസ്ഥ (കോമ) തുടങ്ങിയവയിലേക്കു നയിക്കും.
ഛര്‍ദി, അതിസാരം, അമിതമായി വിയര്‍പ്പ്, വൃക്കരോഗങ്ങള്‍, മൂത്രം കൂടുതലായി പോകാന്‍ ഉപയോഗിക്കുന്ന ഡയൂററ്റിക് മരുന്നുകളുടെ ഉപയോഗം തുടങ്ങിയവ രക്തത്തിലെ സോഡിയത്തിന്റെ അളവു കുറയ്ക്കാം. കൂടാതെ, മസ്തിഷ്‌കത്തെ ബാധിക്കുന്ന മെനിഞ്ചൈറ്റിസ്, മസ്തിഷ്‌കജ്വരം (എന്‍സഫലൈറ്റിസ്) ന്യുമോണിയ, സ്‌ട്രോക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദം തുടങ്ങിയവയും സോഡിയത്തിന്റെ അളവു കുറയ്ക്കും.
ഛര്‍ദിയും വയറിളക്കവും ഉള്ള സാഹചര്യത്തില്‍ ജലാംശത്തോടൊപ്പം ലവണാംശവും നിലനിര്‍ത്തണം. ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു നുള്ള് ഉപ്പും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്ന മിശ്രിതം ഓരോ തവണ ഛര്‍ദിയും വയറിളക്കവും ഉണ്ടാകുമ്പോള്‍ കുടിക്കാന്‍ നല്‍കണം. കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ടു നല്‍കുന്നതും കരിക്കിന്‍ വെള്ളത്തില്‍ ഉപ്പിട്ടു നല്‍കുന്നതും സോഡിയത്തിന്റെ നഷ്ടം ഒഴിവാക്കാന്‍ സഹായിക്കും.