ഗുവാഹത്തി: സ്വാതന്ത്ര്യദിനം പലവിധ വിവാദങ്ങളിലൂടേയാണ് കടന്ന് പോയത് അതില്‍ മോഹന്‍ ഭാഗവത് കേരളത്തില്‍ വന്ന് ദേശീയ പതാക ഉയര്‍ത്തിയതും ബി.ജെ.പി നേതാവ് ദേശീയ പതാകയെ അപമാനിച്ചതും എല്ലാം ഈ സ്വാതന്ത്ര്യ ദിനത്തിലെ വിവാദവിഷയങ്ങളായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയ സ്‌കൂളിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അസമിലെ ഒരു സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ചിത്രമായിരുന്നു അത്. സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ചിത്രത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം ഫേസ്ബുക്കിലൂടെ പുറം ലോകത്തോട് പറയുകയാണ് മിസനൂര്‍ റഹ്മാന്‍ എന്ന അധ്യാപകന്‍.
പ്രളയത്തില്‍ സ്‌കൂള്‍ മുങ്ങിയെങ്കിലും സ്വാതന്ത്ര്യദിനാഘോഷം ഉപേക്ഷിക്കാന്‍ ദേശീയ ബോധമുള്ള ആ സ്‌കൂള്‍ തയ്യാറായില്ല. പ്രധാന അധ്യാപകനും മറ്റൊരു അധ്യാപകനും രണ്ട് കൊച്ചുകുട്ടികളും ചേര്‍ന്ന് സ്‌കൂള്‍ മുറ്റത്തെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി. കഴുത്തൊപ്പം വെള്ളത്തില്‍ നിന്ന കുട്ടികള്‍ പതാകയെ സല്യൂട്ട് ചെയ്തു. എല്ലാവരും ചേര്‍ന്ന് ദേശീയഗാനം ആലപിച്ചു. ഈ ചിത്രമാണ് പുറത്തുവന്നത്.
നീന്തല്‍ അറിയാവുന്ന രണ്ട് കുട്ടികളെ മാത്രമാണ് പതാക ഉയര്‍ത്താന്‍ ഒപ്പം നിര്‍ത്തിയതെന്നും മറ്റു കുട്ടികളും അധ്യാപകരും സ്‌കൂള്‍ ഗ്രൗണ്ടിലെ ഉയര്‍ന്ന സ്ഥലത്തുനിന്ന് ചടങ്ങില്‍ പങ്കാളികളായി എന്നും മിസനൂര്‍ റഹ്മാന്‍ പറയുന്നു. ഇവരില്‍ ഒരാളാണ് ഈ ചിത്രമെടുത്തത്. സ്‌കൂളില്‍ നടന്ന ചടങ്ങിന്റെ ദൃശ്യം വിദ്യാഭ്യാസ ഓഫീസില്‍ നല്‍കാനായിരുന്നു ചിത്രമെടുത്തത്.
‘പ്രളയം വന്ന് മൂടുമ്പോഴും യഥാര്‍ത്ഥ ദേശസ്‌നേഹം പ്രകടിപ്പിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല. കാരണം ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ സ്‌നേഹിക്കുന്നു. സമര്‍പ്പണത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും യഥാര്‍ത്ഥ പ്രതിഫലനമാണ് ഈ സംഭവം. ചടങ്ങില്‍ പങ്കെടുത്ത പ്രദേശവാസികളോട് നന്ദിയുണ്ടെന്നും’ മിസനൂര്‍ റഹ്മാന്‍ പിന്നീട് പ്രതികരിച്ചു.