X
    Categories: indiaNews

സോഷ്യല്‍ മീഡിയ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കില്ല

ന്യൂഡല്‍ഹി: സ്വകാര്യത കണക്കിലെടുത്ത് സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇലക്ട്രോണിക്, ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇന്റര്‍നെറ്റ് സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പാക്കാന്‍ നിയമങ്ങളുടെ വ്യാപ്തി വിപുലീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.

ഇന്റര്‍നെറ്റും സാങ്കേതികവിദ്യയും ആളുകളെ ശാക്തീകരിക്കുകയും അവരുടെ ജീവിതത്തെയും ഭരണത്തെയും മാറ്റിമറിക്കുകയും ചെയ്ത് നന്മയുടെ വേദിയായി മാറുകയാണ്. എന്നാല്‍ ക്രമിനലിറ്റിയുടെയും ഫേക്ക് ന്യൂസിന്റെയുമൊക്കെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം, സുരക്ഷിതത്വത്തിന്റെയും വിശ്വാസത്തിന്റെയും പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ പുതിയ ഐ.ടി നിയമങ്ങളിലെ വ്യവസ്ഥകള്‍ ഫലപ്രദമാണെന്ന് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നതില്‍ സര്‍ക്കാര്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന കോണ്‍ഗ്രസ് അംഗം മനീഷ് തിവാരിയുടെ ചോദ്യത്തിന്, സ്വകാര്യതയുടെയും സുരക്ഷയുടെയും വിശ്വാസത്തിന്റെയും താല്‍പ്പര്യം സമതുലിതമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Test User: