സാമൂഹ്യ മാധ്യമങ്ങളിലൂടെ കടുത്ത വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ട് സംഘപരിവാര്‍ അക്കൗണ്ടുകള്‍. മതവിദേഷം പരത്തുന്ന, പ്രകോപനപരമായ സന്ദേശങ്ങളാണ് ഫെയ്‌സ്ബുക്കില്‍ ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ മാന്യരായ വ്യക്തികള്‍ക്കെതിരെയും രാഷ്ട്രീയ കക്ഷികള്‍ക്കെതിരെയും കേട്ടാല്‍ അറക്കുന്ന ഭാഷയിലുള്ള അശ്ലീലങ്ങളാണ് ഇവരുടെ ഫെയ്‌സ്ബുക്ക് വാളുകളില്‍ കുറിച്ചിട്ടിരിക്കുന്നത്.
ഇതില്‍ സന്തോഷ് ബി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടാണ് കടുത്ത വര്‍ഗ്ഗീയ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടത്.കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ആദരിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെയും കടുത്ത അശ്ലീല ഭാഷയിലുള്ള പോസ്റ്റാണ് ഇയാള്‍ ഇട്ടിരിക്കുന്നത്.മന്നൂറിലേറെ പേരാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിനു താഴെയിട്ടിരിക്കുന്ന കമ്മന്റുകളും സഭ്യതയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ്.
ഇടതു പക്ഷത്തേയും പിണറായി സര്‍ക്കാറിനെയും വിമര്‍ശിക്കുന്ന പോസ്റ്റുകളിലും തീരെ മാന്യമല്ലാത്ത ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ വളരെ പ്രകോപനപരമായ കമന്റുകളാണ് ചുവടെ വന്നു കൊണ്ടിരിക്കുന്നതും.
യേശുദാസ് അടക്കമുള്ള സമൂഹത്തിലെ സര്‍വ്വസമ്മതരായ വ്യക്തികള്‍ക്കെതിരെയും വര്‍ഗ്ഗീയ ആരോപണളുയര്‍ത്തുന്ന പോസ്റ്റുകളും ഇയാള്‍ ഷെയര്‍ ചെയ്യുന്നു. ക്രിസ്തീയ സമൂഹത്തെ അപമാനിക്കുന്ന വ്യാജ കഥകളും ആരോപണങ്ങളും പടച്ചുണ്ടാക്കുന്ന പോസ്റ്റുകളും ഇയാളുടെ വാളില്‍ ധാരാളമുണ്ട്.
സാമൂഹ്യ മാധ്യമങ്ങള്‍ വഴി സംഘ് പരിവാര്‍ കടുത്ത വര്‍ഗീയ വിഷം പരത്തുന്നത് ഈയിടെയായി കൂടുതലാണെങ്കിലും കേരള പൊലീസിന്റെ സൈബര്‍ സെല്‍ ഇക്കാര്യം കണ്ട ഭാവം നടിക്കാറില്ലെന്ന് പരാതിയുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനു വേണ്ടിയുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ എന്നു സംശയിക്കുന്നു. ഹിന്ദുത്വ പേജുകള്‍ക്കും പ്രൊഫൈലുകള്‍ക്കും പുറമെ യുക്തിവാദി പരിവേഷമണിഞ്ഞും ന്യൂനപക്ഷങ്ങളെ അപമാനിക്കുകയും ഹിന്ദു മതസ്ഥരെ പ്രകോപിപ്പിക്കുകയും ചെയ്യുന്ന സൈബര്‍ നീക്കങ്ങള്‍ സജീവമാണ്. ഫേസ്ബുക്കിനു പുറമെ ട്വിറ്റര്‍, വാട്ട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളും ഇതിനായി ഉപയോഗിക്കുന്നു.