X

സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം: ഫുട്‌ബോള്‍ ക്ലബ്ബുകള്‍ നിരീക്ഷണത്തില്‍

 

ദുബൈ: സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം വര്‍ഷം നടത്തിയ രണ്ട് ഫുട്‌ബോള്‍ പ്രേമികള്‍ക്കെതിരെ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി. പ്രതിയോഗികളായ രണ്ട് ക്ലബ്ബുകളിലെ ഫാനുകളാണ് പരസ്പരം വ്യാപകമായി സോഷ്യല്‍ മീഡിയ വഴി അസഭ്യം പറഞ്ഞിട്ടുള്ളത്. രണ്ടു ഫുട്‌ബോള്‍ ക്ലബ്ബുകളോടും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് പരിശോധിച്ച് ഇരുവരുടെയും ചാറ്റിംഗ് പരിശോധിക്കാന്‍ പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് സുഖകരവും സൗഹാര്‍ദ്ദപരവുമായ സ്‌പോര്‍ട് അന്തരീക്ഷം നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഇതിന് വിരുദ്ധമായ രീതിയില്‍ ക്ലബ്ബുകളും കളിക്കാരും തമ്മിലടിക്കുന്നത് രാജ്യത്തിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. മാത്രമല്ല യു.എ.ഇ സൈബര്‍ നിയമപ്രകാരം ഇപ്പോള്‍ രണ്ട് ഫുട്‌ബോള്‍ പ്രേമികള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ കുറ്റമാണ്. രാജ്യത്ത് നിലവിലുള്ള അത്യാധുനിക സാങ്കേതിസംവിധാനത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ പട്ടികയിലാണ് ഇതിനെ ഉള്‍പ്പെടുത്തുക. സോഷ്യല്‍മീഡിയ വഴി വ്യക്തികളെ അധിക്ഷേപിക്കുന്നത് സൈബര്‍ക്രൈമാണ്. ഇത് ക്രിമിനല്‍ കുറ്റവുമാണ്. സോഷ്യല്‍ മീഡിയകളില്‍ ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും അസഭ്യം വര്‍ഷിക്കുന്ന ചാറ്റിംഗ് നടത്തുന്നതില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വിദ്യാലയങ്ങളിലും വര്‍ക്ഷോപ്പുകളിലും ജോലി സ്ഥലങ്ങളിലും ബോധവത്കരണം നടത്തുന്നുണ്ട്. സൈബര്‍ കുറ്റം അതിന്റെ തീവ്രത അനുസരിച്ച് ജീവപര്യന്തം വരെ ജയില്‍ ശിക്ഷ ലഭിക്കാം. കൂടാതെ 50,000 മുതല്‍ 2 ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിച്ചേക്കാം.

chandrika: