ഡല്‍ഹി: പുതിയ ഐടി നിയമത്തില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നിയമമനുസരിച്ചുള്ള നിയമനങ്ങള്‍ നടത്തിയോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹിക മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. പുതിയ ഐടി നിയമം ഇന്ന് മുതല്‍ നിലവില്‍ വന്നുവെന്നതായി അറിയിച്ച മന്ത്രാലയം, റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. സാധിക്കുമെങ്കില്‍ ഇന്ന് തന്നെ റിപ്പോര്‍ട്ട് വേണമെന്നാണ് ആവശ്യപ്പെട്ടത്.
പല തവണ കൈമാറ്റം ചെയ്യപ്പെടുന്ന ഒരു സന്ദേശത്തിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇനി മുതല്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാരിനോട് വെളിപ്പെടുത്തേണ്ടി വരുമെന്നതാണ് പുതിയ ഐടി നിയമം വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ചട്ടങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പ് ആയ വാട്ട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങള്‍ ആരാണ് ആദ്യം അയച്ചത് എന്നു നിര്‍ദേശിക്കുന്ന ചട്ടം ജനങ്ങളുടെ സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന് വാട്ട്‌സ്ആപ്പ് ഹര്‍ജിയില്‍ പറയുന്നു.
പുതിയ ചട്ടങ്ങള്‍ അംഗീകരിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സമയപരിധി ഇന്നലെ അവസാനിച്ചിരിക്കെയാണ് വാട്ട്‌സ്ആപ്പ് ഹൈക്കോടതിയെ സമീപിച്ചത്. സന്ദേശങ്ങള്‍ ആര് ആദ്യം അയച്ചു എന്നു രേഖപ്പെടുത്തുക എന്നതിനര്‍ഥം ഓരോ സന്ദേശത്തെയും നിരീക്ഷണത്തിലാക്കുക എന്നു തന്നെയാണെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു. വാട്ട്‌സ്ആപ്പ് പിന്തുടരുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തകര്‍ക്കുന്നതാണ് കേന്ദ്ര നിര്‍ദേശം. അടിസ്ഥാനപരമായി അത് സ്വകാര്യതയുടെ ലംഘനവുമാണെന്ന് കമ്പനി പറയുന്നു.
ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ഐടി ചട്ടങ്ങളിലാണ്, സന്ദേശങ്ങള്‍ ആരാണ് ആദ്യം അയച്ചത് എന്നതിനു രേഖ വേണമെന്ന് നിര്‍ദേശിച്ചത്. ഇത് ചെയ്യാത്തപക്ഷം ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരുമെന്നും ചട്ടത്തില്‍ നിര്‍ദേശിക്കുന്നു.