സാമൂഹ്യ മാധ്യമങ്ങള്‍ അഭിപ്രായങ്ങളുടെ അങ്ങാടിയാണ്. അവിടെ ആര്‍ക്കും സ്വന്തം അഭിപ്രായങ്ങള്‍ കച്ചവടം ചെയ്യാം. മറ്റുള്ളവരുടേത് വാങ്ങാം. പല കച്ചവടക്കാരുടെയും തന്ത്രത്തില്‍ മയങ്ങി നമ്മുടെ ഉപഭോഗ താല്‍പര്യവും സ്വാധീനപ്പെടും. എന്നുവെച്ചാല്‍, നിലപാടുകളിലും ചിന്തയിലുമൊക്കെ മറ്റുള്ളവരുടെ സ്വാധീനം ഉണ്ടാകുമെന്നര്‍ഥം.
കഴിവുറ്റൊരാളെ ഇകഴ്ത്താനും അതില്ലാത്ത ഒരാള്‍ക്ക് അനര്‍ഹ പരിഗണനകള്‍ പതിച്ചു നല്‍കാനും ഒരു പകര്‍ച്ച വ്യാധിയേക്കാള്‍ വേഗത്തിലും അപകടകരവുമായ കാര്യസാധ്യം ഇവിടെയുണ്ടാകും.
രാഹുല്‍ ഗാന്ധി അത്തരം അജണ്ടയുടെ ഒരു ഇരയായിരുന്നു. കൃത്യമായി രാഷ്ട്രീയ ഇടപെടലുകളും സാമൂഹിക മുന്നേറ്റകാഴ്ച്ചപാടുകളും മുന്‍നിര്‍ത്തി നിലപാടുകള്‍ ഉയര്‍ത്തിപിടിച്ച രാഹുലിന് ‘പപ്പു, അമുല്‍ ബേബി ‘ എന്നീ ലേബലുകള്‍ നല്‍കി ജനങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ നശിപ്പിക്കുകയാണുണ്ടായത്. ഇതിന്റെ ഒരു തീവ്രതയെന്തെന്നു വെച്ചാല്‍, ആരെയാണോ ഉന്നം വെച്ചത് അവരുടെ അണികളില്‍ പോലും ഇത്തരം ക്ഷീണചിന്ത നിര്‍മ്മിക്കാന്‍ ഈ ക്യാംപെയ്‌നാവും. തങ്ങള്‍ക്ക് ഭീഷണിയാവാന്‍ സാധ്യതയുള്ള നേതാക്കള്‍ക്കെതിരേയാണ് പൊതുവില്‍ ഇത്തരം പ്രയോഗങ്ങളുണ്ടാവാറുള്ളത്.സമാനമായ രൂപത്തിലാണ് കേരളം കണ്ടത്തില്‍ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയെയും നേരിട്ടത് അദ്ദേഹത്തെ സംഘിയാക്കിയും ഉസ്മാന്‍ പട്ടം നല്‍കിയും യുഡിഎഫ് അണികളുടെ ആത്മധൈര്യവും വിശ്വാസ്യതയും നഷ്‌പ്പെടുത്തുന്നതിലും ഈ സൈബര്‍ ചതികള്‍ക്ക് സാധിക്കുകയും സ്വജനപക്ഷപാതവും അഴിമതിയും കഴിവ് കേടും നിറഞ്ഞ ഇടതുപക്ഷത്തിന് കേരളംപോലുള്ള സംസ്‌കാരസമ്പന്നമായ പ്രദേശത്ത് തുടര്‍ഭരണത്തിന് സാധ്യതകളും ഒരുക്കിക്കൊടുത്തു.
അതിന്റെ മറ്റൊരു വകഭേമാണ് നിയമസഭാ ഇലക്ഷനു ശേഷം മുസ്‌ലിം ലീഗിന്റെ സമുന്നതരായ നേതാക്കള്‍ക്കെതിരെയുള്ള സൈബര്‍ ബുള്ളിയിങ്. ആഭ്യന്തര ശിഥിലീകരണം ലക്ഷ്യമിട്ട് ലീഗിന്റെ രാഷ്ട്രീയ പ്രതിയോഗികളാണ് ഇത്തരം ആരോപങ്ങള്‍ ആദ്യം തൊടുത്തുവിട്ടത്.
നേരത്തെ പറഞ്ഞപോലെ, അണികളില്‍ ചിലരും ആ അജണ്ടയില്‍ പലപ്പോഴും വീണുപോയിട്ടുണ്ട്. മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി ഇലക്ഷനില്‍ തോല്‍വി രുചിക്കുന്നത് ഇതാദ്യമല്ല. നിലവിലെ രാഷ്ട്രീയ സ്ഥിതി വിശേഷങ്ങള്‍ വെച്ച്, അവസാന ഇലക്ഷനിലേത് തോല്‍വിയാണെന്ന് പറയാനുമാവില്ല. മുമ്പ് പിന്നോട്ട് പോയി എന്ന് തോന്നിയ സന്ദര്‍ഭങ്ങളിലെല്ലാം പിന്നീട് പൂര്‍വ്വാധികം ശക്തിയോടെ തിരികെ വന്നിട്ടുണ്ട്. അന്ന് തിരിച്ചുവരവിന് നായകത്വം വഹിച്ചവര്‍ തന്നെയാണ് ഇന്നുമുള്ളത്. ജയിക്കുമ്പോള്‍ നേതാക്കള്‍ക്ക് പൂച്ചെണ്ടും, തോല്‍ക്കുമ്പോള്‍ കല്ലേറും നല്‍കുക എന്നത് ഒരു രാഷ്ട്രീയ പ്രതിഭാസമാണ്. ആത്മാര്‍ത്ഥമായി പാര്‍ട്ടിയുടെ വിജയത്തിന് അഹോരാത്രം പരിശ്രമിച്ചവര്‍ പ്രതിഷേധം രേഖപ്പെടുത്തുകയെന്നത് സ്വാഭാവികമാണ്. അതിന്റെ ഭാഗമെന്നോണമാണ് ഇപ്പോഴുള്ള രോഷ പ്രകടനങ്ങള്‍. പക്ഷേ, അതിരുകവിഞ്ഞ ഇപ്പോഴത്തെ രോഷ പ്രകടനങ്ങളുടെ മുഖ്യസൂത്രധാരികള്‍ ലീഗിന്റെ പ്രതിയോഗികള്‍ തന്നെയാണ്. കാരണം, ഇതിന്റെ ആത്യന്തിക ഗുണഭോക്താക്കള്‍ അവര്‍ തന്നെയാണെന്ന് അവര്‍ക്കറിയാം. പക്ഷേ, പലരും അവരുടെ അജണ്ടകളില്‍ വീണുപോയി സ്വാഭാവിക വൈകാരിക പ്രകടനങ്ങള്‍ക്കപ്പുറത്തേക്ക് പോയി എന്നുസാരം.
സോഷ്യല്‍ മീഡിയ ഒരേ സമയം വില്ലനും നായകനുമാണ്. ചതികളും ചുഴികളും പതിഞ്ഞിരിക്കുന്ന ശത്രുവിന്റെ താവളം കൂടിയാണത്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വരുംവരായ്കകള്‍ നമ്മള്‍ തന്നെ അനുഭവിക്കേണ്ടി വരും.
തിരിച്ചു വരവിന്റെ കൊടി താഴ്ന്നിട്ടില്ല. എല്ലാവരെയും മുഖവിലക്കെടുത്ത് വേണ്ട മാറ്റങ്ങള്‍ക്ക് അനുമതി നല്‍കി എന്നത്തേക്കാളും പ്രതാപത്തിലേക്ക് പാര്‍ട്ടി തിരികെ വരികതന്നെ ചെയ്യും.
(എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)