സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും രൂക്ഷമായ ശ്രീലങ്കയില്‍ കലാപം ശക്തമായതോടെ സാമൂഹ്യമാധ്യമ ഉപയോഗത്തിനും ശ്രീലങ്കയില്‍ വിലക്കേര്‍പ്പെടുത്തി.ഫേസ്ബുക്ക,്ഇന്‍സറ്റഗ്രാം,ട്വീറ്റര്‍,വാടസ്ആപ്പ് എന്നിവക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
തെറ്റായ വിവരങ്ങള്‍ തടയാനാണ് വിലക്ക് എന്നാണ് അന്തരാഷട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ശ്രീലങ്കയില്‍ 36 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രധാന നഗരങ്ങളുടെയും തന്ത്രപ്രധാന കേന്ദ്രങ്ങളുടേയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തുന്ന ആരെയും അറസ്റ്റു ചെയ്യാനും വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാനും ഭരണകൂടം ഉത്തരവിട്ടു.
ശനിയാഴ്ച വൈകീട്ട് ആറ് മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണി വരെയാണ് തലസ്ഥാനമായ കൊളംബോയില്‍ അടക്കം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ കാരണം അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വിദേശ കരുതല്‍ ശേഖരം തകരുകയും അരിയും പഞ്ചസാരയും അടക്കം അവശ്യ സാധനങ്ങളുടെ ഇറക്കുമതി കുറയുകയും ചെയ്തതോടെയാണ് ശ്രീലങ്ക ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലേക്ക് കൂപ്പു കൂത്തിയത്. ഇന്ധനക്ഷാമം കൂടി രൂക്ഷമായതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു. രണ്ടു ദിവസമായി പ്രസിഡണ്ട് ഗോദഭയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച രാത്രി നിരവധി പേര്‍ക്ക് പരിക്കേറ്റതിനെതുടര്‍ന്ന് കൊളംബോയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതോടെ ജനം വീണ്ടും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. ഇതോടെയാണ് ഇന്നലെ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അനിയന്ത്രിതമായ കടമെടുപ്പും ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളുമാണ് ലങ്കയെ കുരുക്കിലാക്കിയത്. കോവിഡ് പ്രതിസന്ധിയെതുടര്‍ന്ന് പ്രധാന ധനാഗമ മാര്‍ഗമായ ടൂറിസം മേഖല നിശ്ചലമായതോടെ പ്രതിസന്ധി മൂര്‍ച്ചിക്കുകയായിരുന്നു. നിലവില്‍ ഒരു കിലോ അരിക്ക് 500 രൂപക്കു മുകളിലും ഒരുകിലോ പഞ്ചസാരക്ക് 270 രൂപക്കു മുകളിലുമാണ് വില. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ കരിഞ്ചന്തയില്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. മണിക്കൂറുകള്‍ വരിനിന്നാണ് ആളുകള്‍ ഇന്ധനവും അവശ്യ സാധനങ്ങളും ശേഖരിക്കുന്നത്. അതും തീവില നല്‍കി. ഇതോടെയാണ് ജനം പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്. തെക്കന്‍ തീര നഗരങ്ങളായ ഗല്ലെ, മട്ടാറ, മൊറാത്തുവ എന്നിവിടങ്ങളിലെല്ലാം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാണ്. മധ്യ, വടക്കന്‍ മേഖലകളിലും പ്രതിഷേധം ശക്തിയാര്‍ജ്ജിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് പ്രതിഷേധങ്ങള്‍ക്കു പിന്നിലെന്നാണ് പ്രസിഡണ്ട് ഗോദഭയെ രാജപക്‌സെ ആരോപിക്കുന്നത്. ഇതേതുടര്‍ന്നാണ് സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം തുടങ്ങിയത്. സര്‍വ്വ കക്ഷി യോഗം വിളിച്ചുചേര്‍ത്ത് സര്‍വ്വ കക്ഷി സര്‍ക്കാറിന് രൂപം നല്‍കാന്‍ പ്രസിഡണ്ട് ഗോദഭയെ തയ്യാറാവണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡണ്ടും ഫ്രീഡം പാര്‍ട്ടി നേതാവുമായ മൈത്രിപാല സിരിസേന രംഗത്തെത്തി.