കോഴിക്കോട്: ആഗോള താപനത്താല്‍ ചൂടു കൂടുന്ന പ്രിതിഭാസത്തിന് ഭൂമിക്ക് കുടപിടിച്ച് പ്രതിരോധം തീര്‍ക്കാനായി വൃക്ഷത്തൈകള്‍ ഒരുങ്ങി.
പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാനത്ത് നടുന്നതിനായി വനംവകുപ്പിന്റെ കീഴിയില്‍ തയ്യാറായി നില്‍ക്കുന്നത് ലക്ഷക്കണക്കിന് വൃക്ഷത്തൈകള്‍. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സാമൂഹിക വനവത്കരണ വിഭാഗം വിവിധ ഡിവിഷന്റെ നേതൃത്വത്തിലായി നഴ്‌സറികളിലായാണ് വൃക്ഷത്തൈകള്‍ തയാറാക്കി വെച്ചിരിക്കുന്നത്.
പരിസ്ഥിതി ദിനത്തില്‍ നടാനായി വയനാട് ജില്ലയില്‍ മാത്രമായി 3,10,000 വൃക്ഷത്തൈകള്‍ തയാറായതായി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസര്‍ സജ്‌നാ കരീം പറഞ്ഞു. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ കല്‍പ്പറ്റ ചുഴലി, മാനന്തവാടി ബേഗൂര്‍, ബത്തേരി നഴ്‌സറികളിലാണ് തൈകള്‍ തയാറാക്കുന്നത്. ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ റേഞ്ച് ഓഫീസുകള്‍ മുഖേന തൈകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യും.
മുന്‍ വര്‍ഷത്തേക്കാള്‍ 60,000 തൈകള്‍ ഈ വര്‍ഷം കൂടുതല്‍ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടര ലക്ഷത്തോളം തൈകളാണ് വിതരണം ചെയ്തത്. കണിക്കൊന്ന, മഹാഗണി, താന്നി, ഉങ്ങ്, ആര്യവേപ്പ്, കുമിഴ്, മന്ദാരം, മണിമരുത്, നീര്‍മരുത്, നെല്ലി, സീതപഴം, പേര, വാളന്‍പുളി, ലക്ഷ്മിതരു, ഗുല്‍മോഹര്‍, പൂവരശ്, മുള, ഉറുമാമ്പഴം, ആത്തച്ചക്ക, കുടംപുളി, മുരിങ്ങ, കുന്നിവാക, വീട്ടി, ചമത, കൂവളം, കരിങ്ങാരി എന്നീ ഇനങ്ങളില്‍പ്പെട്ടതാണ് നഴ്‌സറികളില്‍ വളരുന്ന തൈകള്‍. പരിസ്ഥിതി ദിനത്തില്‍ നടുന്നതിനാവശ്യമായ തൈകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വനം വകുപ്പ് നേരിട്ടെത്തിക്കും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയ നഴ്‌സറികളില്‍നിന്നുശേഖരിക്കണം. തൈവിതരണം 28നു തുടങ്ങുമെന്ന് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസര്‍ സജ്‌നാ കരീം പറഞ്ഞു.
ഇതുപോലെ എല്ലാ ജില്ലകളിലും വിവിധ ഡിവിഷനുകളില്‍ വൃക്ഷ തൈകള്‍ സജ്ജമായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മടവൂരിലും വടകരയിലുമായി നഴ്‌സറികളില്‍ നാലു ലക്ഷത്തിലേറെ തൈകളാണ് ഒരുങ്ങുന്നത്. തൈകള്‍ ആവശ്യമുളള വ്യക്തികളും സ്ഥാപനങ്ങളും മുന്‍കൂട്ടി അപേക്ഷിക്കണം.
സൗജന്യമായി തൈകള്‍ കൈപ്പറ്റുന്ന സ്ഥാപനങ്ങള്‍ പരിസ്ഥിതി ദിനത്തില്‍ അവ നട്ട് പരിപാലിക്കണം. പൊതുജനങ്ങള്‍ക്ക് സ്വകാര്യ ആവശ്യത്തിനു തൈകള്‍ ഒന്നിന് പതിനേഴ് രൂപ നിരക്കില്‍ ലഭ്യമാണ്.