വടകര : ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ മന:സാക്ഷിയുണരണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ആര്‍ഭാട വിവാഹത്തിനെതിരായ സന്ദേശം വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അബൂദാബി കെ.എം.സി.സി കുറ്റിയാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരിയില്‍ സംഘടിപ്പിച്ച ശാദി മുബാറക് വിവാഹ സഹായ സംഗമത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ തരത്തിലുളള സാമൂഹിക പുരോഗതി കൈവരിക്കുമ്പോഴും സ്ത്രീധനം പോലെയുള്ള സമ്പ്രദായങ്ങള്‍ ക്യാന്‍സര്‍ പോലെ വര്‍ധിക്കുകയാണ്. സാമൂഹിക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കുഞ്ഞിന് ജന്മം നല്‍കിയ രക്ഷിതാക്കള്‍ മക്കള്‍ വിവാഹ പ്രായമെത്തുമ്പോള്‍ സ്ത്രീധനം പോലെയുള്ള സമ്പ്രദായങ്ങള്‍ മൂലം ദുരിതത്തിലാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് നാടുകളിലേക്കുള്ള കുടിയേറ്റം കേരളം ഇന്നു നേടിയ സാമൂഹിക പുരോഗതിക്ക് കാരണമായ പ്രധാന ഘടകമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പോയി അവിടുത്തെ സാഹചര്യങ്ങള്‍ കാണുമ്പോഴാണ് കേരളം എത്ര മാത്രം പുരോഗതി കൈവരിച്ചുവെന്നു മനസ്സിലാക്കാന്‍ കഴിയുന്നത്.കെ.എം.സി.സി പോലെയുള്ള സംഘടനകള്‍ ജീവ കാരുണ്യ-സേവന മേഖലകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്.
വിവാഹ സംഗമം വിപുലമായി നടത്തിയ അബൂദാബി കെ.എം.സി.സി കുറ്റിയാടി മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനം ഏറെ മാതൃകാപരമാണെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു.
- 7 years ago
chandrika
Categories:
Views