ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ. ആര്‍ക്കും എന്തും വിളിച്ച് പറയാവുന്ന ഒരു ഇടമായി സാമൂഹ്യ മാധ്യമങ്ങള്‍ മാറിയെന്ന് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. സാധാരണക്കാരോട് ഒരു പ്രതിബദ്ധതയും സാമൂഹ്യമാധ്യമ കമ്പനികള്‍ക്കില്ലെന്നും കോടതി പറഞ്ഞു. തബ്ലീഗ് ജമാഅത്ത് കേസിലാണ് കോടതിയുടെ പരാമര്‍ശം.
നിസാമുദ്ദീനില്‍ കഴിഞ്ഞ വര്‍ഷം നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനമാണ് രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ മുസ്‌ലിം സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍.
സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയത പടര്‍ത്താന്‍ വരെ ശ്രമിക്കുന്നു. ആരെയും അപകീര്‍ത്തിപ്പെടുത്താം. ഒരു നിയന്ത്രണവും ഇതിനൊന്നും ഇല്ല. നിരവധി വ്യാജ വാര്‍ത്തകളാണ് യൂട്യൂബ് വഴി പുറത്തുവരുന്നത്. ഇത് തടയാന്‍ എന്ത് സംവിധാനമാണ് ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചു. ഇതെല്ലാം കൂടി നമ്മുടെ രാജ്യത്തെ മോശമാക്കുകയാണെന്നും കോടതി വിമര്‍ശിച്ചു.