സോഷ്യല്‍ ഓഡിറ്റ്
ഡോ. രാംപുനിയാനി
ജനതാദള്‍-യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ മഹാസഖ്യ സര്‍ക്കാര്‍ ബോട്ട് തകര്‍ത്ത് ബി.ജെ.പി സഖ്യമായ തന്റെ പഴയ ബോട്ടിലേക്ക് ചാടിയിരിക്കുകയാണ്. മഹാസഖ്യത്തിലെ പ്രമുഖ പാര്‍ട്ടിയുടെ നേതാവായ ലാലു പ്രസാദ് യാദവിനും മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനുമെതിരെ അഴിമതി ആരോപണമുന്നയിക്കുകയും അവരുടെ കുടുംബ സ്വത്ത് സംബന്ധിച്ച് റെയ്ഡ് നടത്തുകയും ചെയ്ത് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ മനോഹരമായി നടപ്പാക്കിയ നാടകത്തിന്റെ പേരില്‍ മുടക്കുന്യായം പറഞ്ഞാണ് നിതീഷ്‌കുമാര്‍ കളം മാറിയത്. ഒരു അട്ടിമറി നാടകം നടത്തുകയും പഴയ സഖ്യവുമായി ചേര്‍ന്ന് നിതീഷ് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി നിതീഷ്‌കുമാര്‍ തന്ത്രപൂര്‍വം വലതുപക്ഷ രാഷ്ട്രീയത്തിനൊപ്പം സഞ്ചരിച്ച് അധികാരത്തിന്റെ ആനുകൂല്യങ്ങള്‍ നുകരുന്നുണ്ട്. ബി.ജെ.പിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. 2002ല്‍ ഗോധ്ര തീവെപ്പ് സംഭവം നടക്കുമ്പോള്‍ അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നുവെന്നത് യാദൃച്ഛികമാകാം.
മതേതര ഇന്ത്യക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും വര്‍ഗീയതയെ എതിര്‍ക്കുമെന്നുമായിരുന്നു ബി.ജെ.പിയുമായി സഖ്യം അവസാനിപ്പിക്കുമ്പോള്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതേ പാര്‍ട്ടി അദ്ദേഹത്തിന് ശ്രേഷ്ഠമാക്കപ്പെടുകയും ചെയ്തു. ലാലുവും സംഘവും അഴിമതിക്കാരായി മാറുകയും ചെയ്തു.
വര്‍ഗീയതക്കെതിരെ വിജയകരമായി പോരാടാനുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു ജെ.ഡി-യുവും ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള ബീഹാറിലെ മഹാസഖ്യം. ബി.ജെ.പിയുടെ വിജയക്കുതിപ്പിനു തടയിട്ടതുകൂടിയായിരുന്നു ഈ സഖ്യം. ഭാവിയിലെ തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ക്ക് മാതൃകയാക്കാവുന്നതുമായിരുന്നു ഇത്. അസമിലും ഉത്തര്‍പ്രദേശിലും സഖ്യത്തിലെത്താന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതനിരപേക്ഷ ബദലിനായി ബീഹാര്‍ മാതൃക പകര്‍ത്തപ്പെടുമെന്നായിരുന്നു പ്രതീക്ഷ. ഇനി ഭാവിയിലേക്ക് എന്താണ് കൈവശമുള്ളത്?.
സംഘ്പരിവാരത്തിന്റെ വര്‍ഗീയ ദേശീയത എതിര്‍ക്കുന്നതിനു മാത്രമല്ല, അവരുടെ നിലനില്‍പ്പിനു തന്നെയും ഒന്നിച്ചു നില്‍ക്കേണ്ടത് അനിവാര്യമാണെന്ന് നിരവധി പ്രതിപക്ഷ, പ്രാദേശിക പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. ലോക്‌സഭയില്‍ 282 എം.പിമാരുമായി മോദി അധികാരത്തിലെത്തിയെങ്കിലും നാം മനസ്സിലാക്കേണ്ടത് അദ്ദേഹത്തിന് 31 ശതമാനം വോട്ട് മാത്രമാണ് നേടാനായത് എന്നതാണ്. ഇത് സൂചിപ്പിക്കുന്നത് ബഹുമുഖ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന നിരവധി പൗരന്മാരുണ്ടെന്നാണ്. ബഹുമുഖ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി പരിശ്രമിക്കുന്ന കോണ്‍ഗ്രസ്, സി.പി.എം പോലുള്ള പ്രധാന പാര്‍ട്ടികള്‍ക്കാണ് ഇത്തരത്തില്‍ സഖ്യങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ ഉത്തരവാദിത്വം.
കോണ്‍ഗ്രസ് അത്തരമൊരു പരിശ്രമത്തിനായി തയാറാകുമെന്നാണ് കരുതേണ്ടത്. എന്നാല്‍ സി.പി.എമ്മോ? അവര്‍ക്ക് പല വശങ്ങളുണ്ട്. ഒരു തലത്തില്‍ അവര്‍ ശക്തരായ മതേതരവാദികളാണെങ്കിലും വര്‍ഗീയ കലാപങ്ങളിലെ ഇരകളെ സംരക്ഷിക്കുന്നതിനോ മത ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ശക്തമായി സംസാരിക്കുന്നതിനോ അല്ലെങ്കില്‍ ദലിതരുടെ ദുരവസ്ഥയെക്കുറിച്ചോ ഇപ്പോഴും സജീവമായ നടപടികള്‍ കൈക്കൊള്ളുന്നില്ല. താഴെ തട്ടിലുള്ള അടിച്ചമര്‍ത്തപ്പെട്ട വിഭാഗവുമായി ബന്ധപ്പെട്ട ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായുള്ള അവകാശം പോലുള്ള വിവിധ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇവരുടെ പങ്ക് നിര്‍ണായകമായിരുന്നു. പക്ഷേ ആ അവസരങ്ങളിലെല്ലാം ഹിമാലയന്‍ മണ്ടത്തരങ്ങളാണ് അവരില്‍ നിന്നുണ്ടായത്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തെ ദോഷകരമായാണ് ബാധിച്ചത്. യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് അത്തരത്തിലൊന്നായിരുന്നു. ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള അവസരം വേണ്ടെന്നുവെക്കുകവഴി നേരത്തെയും ഇത്തരത്തില്‍ ചരിത്രപരമായ മണ്ടത്തരമായിരുന്നു ഇടതുപക്ഷം സ്വീകരിച്ചത്.
നിതീഷ്‌കുമാറിന്റെ വഞ്ചനയുടെ പശ്ചാത്തലത്തില്‍ അല്ലെങ്കില്‍ തികഞ്ഞ അവസരവാദിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ തനിനിറം പുറത്തുകൊണ്ടുവരേണ്ട അവസരത്തില്‍ പ്രകാശ് കാരാട്ട് എഡിറ്ററായ സി.പി.എമ്മിന്റെ മുഖപത്രം പ്രസിദ്ധീകരിച്ച ലേഖനം തികച്ചും നിരാശാജനകമായിരുന്നു. ബി.ജെ.പിയുടെ വിജയയാത്രയെ തടയിടാന്‍ പല രൂപത്തിലുമുള്ള ചെറിയ മതേതര പാര്‍ട്ടികള്‍ക്ക് കഴിയില്ലെന്നാണ് ലേഖനം സമര്‍ത്ഥിക്കുന്നത്. ദുര്‍ഭരണവും അഴിമതിയും കാരണം അപകീര്‍ത്തിപ്പെട്ട നവ ഉദാരവത്കരണ നയങ്ങള്‍ കൊണ്ടുവരുന്ന കോണ്‍ഗ്രസുമായുള്ള സഖ്യം വിജയിക്കില്ലെന്ന് ലേഖനത്തില്‍ പറയുന്നു.
കാരാട്ടിന്റെ നിരീക്ഷണങ്ങള്‍ സത്യമായാലും ഇല്ലെങ്കിലും രാജ്യത്തുനിന്നും ജനാധിപത്യ രാഷ്ട്രീയം തുടച്ചുനീക്കാനുള്ള ഹിന്ദു ദേശീയവാദികളുടെ സാധ്യതകളെ അദ്ദേഹം തികച്ചും വില കുറച്ചുകാണുകയാണ്. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഇപ്പോഴത്തെ പ്രധാന പോരാട്ടം. ജനാധിപത്യത്തിന്റെ അടിത്തറയില്‍ നിന്നു മാത്രമേ സാമ്പത്തിക നയങ്ങള്‍ക്കെതിരെ പോരാടാന്‍ കഴിയൂ. കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി, ടി.എം.സി തുടങ്ങിയ പാര്‍ട്ടികളില്ലാതെ മോദിയുടെ സാധ്യതകളെ ഇല്ലാതാക്കാനുള്ള സഖ്യങ്ങള്‍ക്ക് ഇന്ന് യാതൊരു സാധ്യതയുമില്ല. കാരാട്ട് പ്രതിപാദിക്കുന്നത് തൊഴിലാളി വര്‍ഗങ്ങളെയും കര്‍ഷകരെയും മറ്റു വിഭാഗങ്ങളെയും സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനും വര്‍ഗീയ ശക്തികളെ നേരിടാനും ബി.ജെ.പിക്കും അതിന്റെ നയങ്ങള്‍ക്കും ബദല്‍ പരിപാടി ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന വിശാലമായ ഏക പ്ലാറ്റ്‌ഫോമാണ് ആവശ്യമെന്നാണ്. പ്രചാരത്തിന്റെയും സമരത്തിന്റെയും തലത്തിലാണ് ഇത് പ്രാവര്‍ത്തികമാക്കേണ്ടത്. മത ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതിനും ദലിതരുടെ സാമൂഹ്യ നീതിയുടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും വേണ്ട സമരങ്ങള്‍ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ഇപ്പോഴും ഈ രൂപീകരണത്തില്‍ കാണപ്പെടാത്തത്.
പ്രായോഗിക തലത്തില്‍ അത്തരം പരിശ്രമങ്ങളില്‍ നിന്നും, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് തലങ്ങളില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കി അദ്ദേഹം ഗുരുതരമായ തെറ്റ് ചെയ്തിട്ടുണ്ട്. സാഹചര്യത്തിനനുസരിച്ച് നിലവിലുള്ള ഭീഷണികളെ വിലയിരുത്തുന്നത് സി.പി.എം നിരസിക്കുകയും സാമൂഹ്യവും സാംസ്‌കാരികവുമായ വശങ്ങളെ അവഗണിച്ച്, നവ ലിബറലിസത്തേക്കാള്‍ ഇന്ത്യയില്‍ വര്‍ഗീയതയാണ് വലിയ ഭീഷണിയെന്ന വസ്തുത പരിഗണിക്കാതെ സൈദ്ധാന്തികമായി മാത്രം ശരിയായ സാമ്പത്തിക നിലനില്‍പ്പിന് സമരം ചെയ്യുകയുമാണ്. സി.പി.എമ്മിനകത്ത് പ്രകാശ് കാരാട്ടാണ് അത്തരം പ്രവണതയെ പ്രതിനിധാനം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ആവശ്യകത പ്രകടിപ്പിക്കാന്‍ ശ്രമിച്ച ജ്യോതിബസു, ഹര്‍കിഷന്‍ സിങ് സുര്‍ജിത് പോലുള്ള വലിയ ഭീമന്മാരെ ഈ പാര്‍ട്ടിക്കുള്ളില്‍ നാം കണ്ടതാണ്. ഒന്നാം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് പ്രകാശ് കാരാട്ടിന് താല്‍പര്യമായിരുന്നുവെന്നാണ് അനുമാനിക്കേണ്ടത്. ഒന്നാം യു.പി.എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച ശേഷം തെരഞ്ഞെടുപ്പ് ശക്തിയില്‍ സി.പി.എം പിന്നാക്കംപോയതാണ് കാണാനായത്.
ഇപ്പോഴത്തെ ഭരണത്തെ അതിന്റെ പ്രധാന ജനാധിപത്യ വിരുദ്ധ ശേഷിയെ മറന്ന് വെറും സ്വേച്ഛാധിപത്യമായി കാണുന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. നമ്മുടെ ജനാധിപത്യത്തിന് യഥാര്‍ത്ഥ ഭീഷണി വര്‍ഗീയതയാണെന്ന വാദങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിക്കുകവഴി സൈദ്ധാന്തിക മാര്‍ക്‌സിസത്തിന്റെ മൃതസജ്ഞീവനിയിലാണ് അദ്ദേഹം വളര്‍ന്നതെന്ന് തോന്നുന്നു. മോദി ഭരണകൂടം ചെറിയൊരു സ്വേച്ഛാധിപത്യമല്ല, അത് വളരെ കൂടുതലാണ്. ഹിന്ദു രാഷ്ട്രമാണ് അതിന്റെ ലക്ഷ്യം, അത് ഉന്നംവെക്കുന്നത് ന്യൂനപക്ഷങ്ങളെയാണ്, എന്തിനാണോ ഇന്ത്യന്‍ ഭരണഘടന നിലകൊള്ളുന്നത് അതിന്റെ നേര്‍ വിപരീതമായ രാജ്യത്തിന്റെ ബഹുസ്വരതകളെ തുടച്ചുമാറ്റുന്നത് അതിന്റെ ശക്തമായ അജണ്ടയാണ്. സമൂഹത്തിലെ പീഡിത വിഭാഗങ്ങളെ തകര്‍ക്കുന്ന നവ ലിബറല്‍ നയങ്ങള്‍ കോണ്‍ഗ്രസ് പരിചയപ്പെടുത്തുന്നുണ്ടാവാം, പക്ഷേ വര്‍ഗീയത ഉയര്‍ത്തുന്ന അപകടങ്ങള്‍ വളരെ ഗൗരവതരമാണ്. പാവപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരം നിലനില്‍ക്കുന്ന ഒരു ദിശയില്‍ സമൂഹത്തെ മാറ്റാന്‍ കഴിയുന്ന പോരാട്ടങ്ങള്‍ക്ക് മുന്‍കൂറായി ആവശ്യമുള്ള ജനാധിപത്യ ഇടങ്ങളെല്ലാം അത് ഇല്ലാതാക്കുന്നു. വര്‍ഗീയതക്കെതിരായ പോരാട്ടത്തിന് തെരഞ്ഞെടുപ്പ് തലത്തില്‍ ഇന്നും മുന്‍ഗണന നല്‍കേണ്ടതുണ്ട്.