ലണ്ടന്‍: ബ്രസീലിന്റെ കളി കാണാന്‍ ആന്‍ഫീല്‍ഡിലെത്തിയ ഫുട്‌ബോള്‍ പ്രേമികളെ നെയ്മര്‍ നിരാശനാക്കിയില്ല. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ക്രോയേഷ്യക്കെതിരായ ബ്രസീലിന്റെ 2-0ന്റെ വിജയത്തില്‍ ഒരു ഗോള്‍ സ്‌കോര്‍ ചെയ്ത നെയ്മറുടെ സാന്നിധ്യം നിര്‍ണായകമായി.
69-ാം മിനിറ്റില്‍ നെയ്മറും ഇഞ്ചുറി ടൈമില്‍ റോബര്‍ട്ടോ ഫിര്‍മിനോയുമാണ് ബ്രസീലിന്റെ ഗോളുകള്‍ നേടിയത്. നെയ്മറും പരിക്കു മൂലം ദീര്‍ഘനാള്‍ കളിക്കളത്തില്‍ നിന്നും വിട്ടു നിന്ന നെയ്മര്‍ രണ്ടാം പകുതിയില്‍ ഫെര്‍ണാണ്ടീന്യോയ്ക്ക് പകരക്കാരനായാണ് ഗ്രൗണ്ടിലെത്തിയത്. പിന്നാലെ മത്സരത്തിലെ നിര്‍ണായക ഗോളും പിറന്നു. 69-ാം മിനിറ്റില്‍ ഫിലിപ്പെ കുട്ടീന്യോയുടെ പാസില്‍ നിന്നുമായിരുന്നു നെയ്മറുടെ ഗോള്‍. മത്സരത്തിന്റെ തുടക്കത്തില്‍ ബ്രസീലിനു മുന്നില്‍ പകച്ച ക്രോയേഷ്യ എട്ടാം മിനിറ്റില്‍ കളിയുടെ നിയന്ത്രണം പതിയെ പിടിച്ചു വാങ്ങി.
12-ാം മിനിറ്റില്‍ ക്രോയേഷ്യ ലീഡ് നേടിയെന്ന് തോന്നിച്ചു. ഡെജാന്‍ ലോവറെന്റെ ഹെഡര്‍ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തു പോയത്. 23-ാം മിനിറ്റില്‍ കുട്ടീന്യോയുടെ നെടുങ്കന്‍ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. 28-ാം മിനിറ്റില്‍ പെറീസിച്ചിലൂടെ ക്രോയേഷ്യക്കു വീണ്ടും സുവര്‍ണാവസരം ലഭിച്ചു. പക്ഷേ പെറീസിച്ചിന്റെ ഇടംകാലന്‍ അടി പൂര്‍ണമായും മിസ്സായി. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം നെയ്മര്‍ എത്തിയതോടെ രണ്ടാം പകുതിയില്‍ ബ്രസീലിന്റെ നീക്കങ്ങള്‍ക്കു ചടുലതയേറി. 77-ാം മിനിറ്റില്‍ വില്യന് ബ്രസീലിന്റെ ലീഡ് വര്‍ധിപ്പിക്കാന്‍ അവസരം കൈവന്നെങ്കിലും അദ്ദേഹം പാഴാക്കി.
മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിലായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. റോബര്‍ട്ടോ ഫിര്‍മിനോയായിരുന്നു സ്‌കോറര്‍.
മെക്‌സിക്കോയ്ക്ക് ജയം
മെക്‌സിക്കോ സിറ്റി: ജിയോവാനി ഡസ് സാന്റോസ് നേടിയ ഏക ഗോളിന് സ്‌കോട്ട്‌ലന്‍ഡിനെ കീഴടക്കി മെക്‌സിക്കോ സന്നാഹം ഉജ്ജ്വലമാക്കി. 12-ാം മിനിറ്റിലായിരുന്നു സാന്റോസിന്റെ ഗോള്‍.