മഡ്ഗാവ്: ആവേശം വാനോളമുയര്‍ത്തിയ നാല് പ്രി ക്വാര്‍ട്ടറുകള്‍. ഒന്നിനൊന്ന് മെച്ചപ്പെട്ട പോരാട്ടങ്ങള്‍ കാല്‍പ്പന്ത് ലോകത്തിന് വിസ്മയമായപ്പോള്‍ ക്വാര്‍ട്ടറിന്റെ ആനുകൂല്യം ലഭിച്ചത് ഇറാനും സ്‌പെയിനിനും ഇംഗ്ലണ്ടിനും മാലിക്കും. കോണ്‍കാകാഫുകാരായ മെക്‌സിക്കോ ഇറാനെ വിറപ്പിച്ച് 1-2ന് കീഴടങ്ങിയും ആദ്യ റൗണ്ടിലെ മുഴുവന്‍ മല്‍സരങ്ങളിലും ഗംഭീര വിജയം ആസ്വദിച്ച ഫ്രാന്‍സ് അവസാന മിനുട്ട് പെനാല്‍്ട്ടിയില്‍ 1-2ന് സ്‌പെയിനിനോട് വഴങ്ങിയും പുറത്തായി. മാലിക്കെതിരെ വീരോചിതം പൊരുതി ഇറാഖ്. പക്ഷേ ഗോള്‍ അഞ്ച് വഴങ്ങി. ഭാഗ്യത്തിന്റെ നിര്‍ലോഭ യാത്രയില്‍ നിശ്ചിതസമയത്ത് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയ ജപ്പാനെ പക്ഷേ ഷൂട്ടൗട്ടില്‍ ഭാഗ്യം തുണച്ചില്ല. 5-3ന് ജയിച്ച ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തി.
മഡ്ഗാവ് നെഹ്‌റു സ്റ്റേഡിയത്തില്‍ ആദ്യ 11 മിനുട്ടില്‍ ഇറാന്‍ രണ്ട് ഗോളിന് ലീഡ് നേടിയപ്പോള്‍ ഏഷ്യന്‍ കരുത്തര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്നാണ് തോന്നിയത്. നാല് ഗോളിന് ജര്‍മന്‍കാരെ മുക്കിയ ഇറാനികള്‍ അല്‍പ്പമൊന്ന് അലസരാവുകയും ചെയ്തപ്പോള്‍ ഒരു ഗോള്‍ തിരിച്ചടിച്ച് മെക്‌സിക്കോ പോരാട്ടവീര്യം പ്രകടിപ്പിച്ചു. രണ്ടാം പകുതിയിലാവട്ടെ അലമാല കണക്കെ അവര്‍ അട്ടഹസിച്ച് വന്നപ്പോള്‍ പലപ്പോഴും ഭാഗ്യമാണ് ഇറാനെ തുണച്ചത്. മല്‍സരം ഏഴ് മിനുട്ട് പിന്നിടുമ്പോള്‍ ഇറാന് അനുകൂലമായി സ്‌പോട്ട് കിക്ക്. മുഹമ്മദ് ഗദ്ദാരിയെ മെക്‌സിക്കന്‍ താരം അഡ്രിയാന്‍ വാസ്‌ക്കസ് പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തിയപ്പോള്‍ റഫറി മടിച്ചില്ല-പെനാല്‍ട്ടി..! മുഹമ്മദ് ഷരീഫിയുടെ കിക്ക് പിഴച്ചില്ല. നാല് മിനുട്ടിന് ശേഷം ഒരിക്കല്‍ കൂടി മെക്‌സിക്കന്‍ ഡിഫന്‍സ് പതറി. ലോംഗ് ബോള്‍ സ്വീകരിച്ച അല്‍ഹര്‍ സയ്യദ് രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് പായിച്ച ബുളറ്റിന് മുന്നില്‍ ഗോള്‍ക്കീപ്പര്‍ സെസാര്‍ ലോപസ് നിസ്സഹായനായി. മെക്‌സിക്കോക്കാര്‍ തല താഴ്ത്തി നിന്ന കാഴ്ച്ചയില്‍ കാണികളും ഏകപക്ഷീയതയാണ് പ്രതീക്ഷിച്ചത്. പക്ഷേ മുപ്പതാം മിനുട്ട് മുതല്‍ കണ്ടത് മെക്‌സിക്കന്‍ പ്രത്യാക്രമണങ്ങള്‍. പ്രതിരോധത്തിലേക്ക് വലിഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി മുപ്പത്തിയേഴാം മിനുട്ടില്‍ റോബര്‍ട്ടോ ഡി ലാ റോസ പെനാല്‍ട്ടി ബോക്‌സിനരികില്‍ നിന്നും പായിച്ച വെടിയുണ്ട വലയില്‍ കയറുകയും ചെയ്തു. രണ്ടാം പകുതിയില്‍ പലവട്ടമവര്‍ ഇറാനിയന്‍ ഗോള്‍ക്കീപ്പര്‍ അലി ഗുലാം സയ്യദിനെ പരീക്ഷിച്ചു. പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് മെക്‌സിക്കന്‍ ആക്രമണത്തിന്റെ മുനയൊടിക്കാനാണ് ഇറാന്‍ രണ്ടാം പകുതിയില്‍ കാര്യമായി ശ്രമിച്ചത്.
ഗോഹട്ടിയില്‍ യൂറോപ്യന്‍ ശക്തര്‍ തമ്മിലുള്ള ബലാബലത്തില്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ തന്നെ ജയിച്ചു കയറി. മല്‍സരാവസാനത്തില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ഉപയോഗപ്പെടുത്തി ആബേല്‍ റൂയിസാണ് സ്‌പെയിനിന് സ്വപ്‌നതുല്യമായ വിജയം സമ്മാനിച്ചത്. പ്രതീക്ഷിക്കപ്പെട്ടത് പോലെ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍. പ്രതീക്ഷിക്കപ്പെട്ടത് പോലെ ഫ്രാന്‍സാണ് ആക്രമണത്തില്‍ മുന്നിട്ട് നിന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം കളിച്ച മല്‍സരങ്ങളില്ലെല്ലാം ആധികാരിക വിജയം സ്വന്തമാക്കിയ ഫ്രഞ്ചുകാര്‍ മുപ്പത്തിനാലാം മിനുട്ടില്‍ ലെന്നി പിന്ററിലൂടെ മുന്നിലെത്തി. ഇടത് പാര്‍ശ്വത്തില്‍ നിന്നും അമൈന്‍ ഗൗരി നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ഒന്നാം പകുതിക്ക് തൊട്ട് മുമ്പ് ബാര്‍സിലോണ ഡിഫന്‍ഡര്‍ മിറാന്‍ഡയുടെ കുതിപ്പില്‍ സമനില ഗോള്‍ പിറന്നു. രണ്ടാം പകുതിയില്‍ സ്പാനിഷ് പടയാണ് കരുത്ത് കാട്ടിയത്. ഫ്രഞ്ച് ഗോള്‍ക്കീപ്പര്‍ യഹിയ ഫോഫാന പലപ്പോഴും ടീമിന്റെ രക്ഷകനായി. മല്‍സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോവുമെന്ന ഘട്ടത്തില്‍ സ്പാനിഷ് സബ്സ്റ്റിറ്റിയൂട്ട് താരം ജോസ് ലാറയെ ഫ്രഞ്ചുകാര്‍ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തി. റഫറി അനുവദിച്ച സ്‌പോട്ട് കിക്ക്് കടുത്ത സമ്മര്‍ദ്ദത്തിലും റൂയിസ് പാഴാക്കിയില്ല.
ഫ്രഞ്ച് താരങ്ങളുടെ കണ്ണീര്‍ക്കടലില്‍ ലോംഗ് വിസിലും പിന്നാലെയെത്തി.ല കൊച്ചിയില്‍ ഞായറാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഇറാനും സ്‌പെയിനും കളിക്കും.
മഡ്ഗാവിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആഫ്രിക്കന്‍ പ്രബലരായ മാലി ഇറാഖിനെതിരെ തുടക്കത്തില്‍ തന്നെ ലീഡ് നേടി. ഇരുപത്തിയഞ്ചാം മിനുട്ടില്‍ ഡ്രീമെയാണ് ഇറാഖ് വലയില്‍ ആദ്യം പന്തെത്തിച്ചത്. നിദായെ ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ കോനാറ്റെ, കമാറെ എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോളുകള്‍. അതിനിടെ അന്തിമഘട്ടത്തില്‍ ഇറാഖ് ഒരു ഗോള്‍ മടക്കിയെങഅകിലും നിദായെ അധികസമയത്ത് തന്‍രെ രണ്ടാം ഗോളഅ# ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.
കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട് കളം നിറഞ്ഞു കളിച്ചു ജപ്പാനെതിരെ. അവസരങ്ങളുടെ വേലിയേറ്റത്തിലും ഒരു തവണ പോലും പന്ത് ജപ്പാന്‍ വലയിലെത്തിക്കാന്‍ ഇംഗ്ലീഷുകാര്‍ക്ക് കഴിഞ്ഞില്ല. പ്രത്യാക്രമണത്തില്‍ ജപ്പാനും പിറകോട്ട് പോയില്ല. പക്ഷേ അവരുടെ ഷോട്ടുകളും ദുര്‍ബലമായിരുന്നു. അവസാനം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഷൂട്ടൗട്ട്. ജപ്പാന് പറ്റിയ ഏക പിഴവ് ഇംഗ്ലണ്ട് മനോഹരമായി ഉപയോഗപ്പെടുത്തി