ചെന്ത്രാപ്പിന്നി : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വയോധികയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് കൈപ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശോഭ സുബിന്‍. വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് ചെന്ത്രാപ്പിന്നി ചക്കുന്നികോളനിയിലെ ശാന്ത എന്ന വയോധികയുടെ അവസ്ഥ ശോഭ സുബിന്‍ അറിഞ്ഞത്.
ഒറ്റമുറി വീട്ടില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യമില്ലാത്ത അവസ്ഥയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. സൗകര്യങ്ങളൊന്നുമില്ലാത്ത വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കാണ് കഴിയുന്നത്. തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചാലും ഇല്ലെങ്കിലും അമ്മയുടെ ആവശ്യം സാധിച്ചു തരുമെന്ന ഉറപ്പ് കൊടുത്താണ് അന്ന് ശോഭ സുബിനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മടങ്ങിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ പിറ്റേ ദിവസം തന്നെ ശുചിമുറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ്, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സലിം ചാമക്കാല, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് നാസര്‍ ചാമക്കാല എന്നിവരും സന്നിഹിതരായിരുന്നു.