X
    Categories: Newsworld

കുതിച്ചുയര്‍ന്ന് പാക് രൂപ

ഇസ്‌ലാമാബാദ്: മൂല്യത്തകര്‍ച്ചയില്‍നിന്ന് കുതിച്ചുയര്‍ന്ന് ലോകത്ത് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി പാകിസ്താന്‍ രൂപ. കഴിഞ്ഞ ദിവസം യു.എസ് ഡോളറിന് 219.92 എന്ന നിലവാരത്തിലായിരുന്നു പാകിസ്താന്‍ രൂപയുടെ വിനിമയ മൂല്യം. ജൂലൈയില്‍ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 240ല്‍ എത്തിയിരുന്നു. ഒരാഴ്ചക്കിടെ ആദ്യമായാണ് പാക് കറന്‍സി ഇത്രയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നത്.

രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ഏറെ പ്രതീക്ഷ പകരുന്ന വാര്‍ത്തയാണ് ഇതെന്ന് ആരിഫ് ഹബീബ് ലിമിറ്റഡ് റിസര്‍ച്ച് മേധാവി താഹിര്‍ അബ്ബാസ് പറയുന്നു. അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ധനമന്ത്രി ഇസ്ഹാഖ് ധര്‍ തിരിച്ചുവരുന്നുവെന്ന റിപ്പോര്‍ട്ടിന ശേഷമാണ് പാക് രൂപയില്‍ കുതിപ്പുണ്ടായത്. എന്നാല്‍ പാക് സമ്പദ്ഘടനക്ക് ആഹ്ലാദിക്കാന്‍ സമയമായിട്ടില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും യൂറോപ്പിനെ വലിഞ്ഞുമുറുക്കുന്ന സാമ്പത്തിക മാന്ദ്യവും വിദേശ നാണ്യ ശേഖരം കുറയുന്നതും വരും ദിവസങ്ങളില്‍ വലിയ തിരിച്ചടിക്ക് കാരണമായേക്കും.

Test User: