X

കുതിച്ചുക്കയറി സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും വലിയ വര്‍ധന

സംസ്ഥാനത്ത് കുതിച്ചുക്കയറി സ്വര്‍ണ്ണവില. ഈ മാസത്തെ ഏറ്റവും വലിയ വര്‍ധന രേഖപ്പെടുത്തി സ്വര്‍ണ വില. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 57,640 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കൂടിയതോടെ 7,205 രൂപയിലെത്തി. ഈ മാസത്തെ ഉയര്‍ന്ന നിലവാരമാണിത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്ന ഘടകങ്ങള്‍ ഒന്നിച്ചു വന്നതാണ് വില വര്‍ധനവിന് കാരണം.

ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് കേന്ദ്ര ബാങ്ക് സ്വര്‍ണം വാങ്ങുന്നത് തുടങ്ങിയത് തിങ്കളാഴ്ച വില വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പം ഉയര്‍ന്നതോടെ ചൈനീസ് വാങ്ങല്‍ കൂടുമെന്ന പ്രതീക്ഷയും വില കൂടുന്നതിന് കാരണമായി. ഇതോടൊപ്പം യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് ഇടിഞ്ഞതും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു. സിറിയയിലിണ്ടായ ഭരണ മാറ്റം സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്കുള്ള ഡിമാന്റും ഉയര്‍ത്തിയിട്ടുണ്ട്.

എട്ട് ദിവസത്തെ ഏറ്റവും താഴ്ന്ന നിലവാരമായ 2,613 ഡോളറില്‍ നിന്ന് തിങ്കളാഴ്ച സ്വര്‍ണ്ണവില മാന്യമായ തിരിച്ചുവരവ് നടത്തിയിരുന്നു. നിലവില്‍ 2,671.60 ഡോളറിലാണ് സ്‌പോട്ട് ഗോള്‍ഡ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പുറത്തുവരുന്ന യുഎസ് പണപ്പെരുപ്പ ഡാറ്റയും ആഭ്യന്തര സംഘര്‍ഷങ്ങളും സ്വര്‍ണ വിലയ്ക്ക് ഗതി നിശ്ചയിക്കും.

 

webdesk17: