X
    Categories: indiaNews

കോവിഡ് വ്യാപനം ദേശീയ ശരാശരിയെക്കാള്‍ മുകളില്‍; കേരളത്തിലേക്ക് കേന്ദ്രത്തിന്റെ ഉന്നത തല സംഘം വരുന്നു

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ആദ്യഘട്ടത്തില്‍ രാജ്യത്തിന് തന്നെ മാത്യകയായ കേരളത്തില്‍ നിലവില്‍ സ്ഥിതി മറിച്ചാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ പല സംസ്ഥാനങ്ങളും ഇപ്പോള്‍ രോഗമുക്തി നിരക്കിലാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ കേരളത്തില്‍ ദേശീയ ശരാശരിയെക്കാള്‍ മുകളിലാണിപ്പോള്‍ കോവിഡ് വ്യാപനമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന.

കോവിഡ് വ്യാപനം രൂക്ഷമായതോടെ കേരളത്തിലെ കാര്യങ്ങള്‍ വിശദമായി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതലസംഘത്തെ സംസ്ഥാനത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്. കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്ന കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് ഉന്നതതല സംഘങ്ങളെ അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രതിദിന കോവിഡ് രോഗികളുടെ കണക്കില്‍ ആദ്യ സ്ഥാനങ്ങളിലാണിപ്പോള്‍ കേരളം. അന്‍പതിനായിരത്തിന് മുകളില്‍ സജീവ കേസുകളുള്ള മൂന്ന് സംസ്ഥാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. അതിലൊന്ന് കേരളമാണ്. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുന്നതായി കണക്കുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അറിയിച്ചിരുന്നു. കേരളത്തിന് പുറമെ പശ്ചിമബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസംഘത്തെ അയക്കുന്നത്. മഹാമാരി വിദഗ്ധന്‍ ഉള്‍പ്പെടെയുള്ള കേന്ദ്രത്തിന്റെ ആരോഗ്യസംഘം സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള സംഘമാണ് ഓരോ സംസ്ഥാനത്തും എത്തുകയെന്നാണ് വിവരം. പ്രതിരോധരംഗത്ത് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. നിരീക്ഷണം, പരിശോധന തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കും.

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഏകദേശം ഒരു ലക്ഷത്തിന് അടുത്തുവരും. ഇത് രാജ്യത്തെ മൊത്തം ചികിത്സയിലുളളവരുടെ 11 ശതമാനം വരും. കര്‍ണാടകയില്‍ കോവിഡ് ബാധിതര്‍ ഏഴു ലക്ഷം കടന്നിരിക്കുകയാണ്. രാജസ്ഥാനില്‍ ഒന്നരലക്ഷത്തിന് മുകളിലാണ് രോഗബാധിതരായവരുടെ എണ്ണം. പശ്ചിമബംഗാളില്‍ ഇത് മൂന്ന് ലക്ഷത്തിന് മുകളിലാണ്.

രാജ്യത്ത്‌കോവിഡ് ഏറ്റവും അപകടകരമായി തന്നെ ബാധിച്ച മഹാരാഷ്ട്രയില്‍ 85% ആണ് രോഗമുക്തി നിരക്ക്. അതുപോലെ തന്നെ ഇരുപത്തിയാറോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇരുപത്തിഅയ്യായിരത്തില്‍ താഴെ സജീവ കോവിഡ് കേസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഇതില്‍ പതിനാല് സംസ്ഥാനങ്ങളില്‍ അയ്യായിരത്തില്‍ താഴെ മാത്രമാണ് സജീവ കോവിഡ് കേസുകള്‍.

കോവിഡ് ബാധിതരുടെ എണ്ണം ദേശീയതലത്തിൽ 10 ലക്ഷത്തിൽ 6974 ആണെങ്കിൽ കേരളത്തിൽ ഇത് 8911 ആണ്. എന്നാൽ മരണനിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണെന്നത് ആശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകൾ അനുസരിച്ച് കേരളത്തിൽ ഇതുവരെ 3,15,929 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 2,22,231 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 94,517 പേരാണ് ചികിത്സയിൽ തുടരുന്നത്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണവും കുറഞ്ഞുവരുന്നതായാണ് കണക്കുകൾ. ഇന്നലെ 50,154 സാംപിളുകളുടെ പരിശോധനാഫലമാണു വന്നത്. ബുധനാഴ്ച 50,056 സാംപിളുകളുടേയും. നേരത്തേ പരിശോധന 70,000 വരെ ഉയർന്നപ്പോൾ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരത്തിന് അടുത്തെത്തിയിരുന്നു.

 

 

chandrika: