ശ്രീനഗര്‍: കശ്മീരില്‍ വാട്സ്ആപ്പ് വിഡിയോ കോളിലൂടെ പ്രസവമെടുത്ത് ഡോക്ടര്‍. ഗര്‍ഭിണിയായ യുവതിയെ കഠിനമായ മഞ്ഞു വീഴ്ചമൂലം ആശുപത്രിയില്‍ എത്തിക്കാനാവാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ വാട്സ് ആപ്പ് വിഡിയോ കോളിലൂടെ പ്രസവം എടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പ്രസവവുമായി ബന്ധപ്പെട്ട് മുന്‍പ് ഗുരുതരാവസ്ഥ അനുഭവിച്ചിരുന്ന യുവതിയെ ചികിത്സിക്കണമെന്ന് ആവശ്യപ്പെട്ട് കെരന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് വിളിവന്നുവെന്ന് ക്രാല്‍പോര ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മിര്‍ മുഹമ്മദ് ഷാഫി പറഞ്ഞു. കെരന്‍ ശൈത്യകാലത്ത് കുപ്വാര ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും. ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായത്, എയര്‍ ആംബുലന്‍സ് വഴി രോഗിയെ കൊണ്ടുപോകുന്നതിന് തടസമായി.
തുടര്‍ന്നാണ് ബ്ലോക്ക് മെഡിക്കല്‍ ഓഫീസറെ വിവരമറിയിക്കുകയും അദ്ദേഹം ക്രാല്‍പോര ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പര്‍വൈസിനെ ബന്ധപ്പെടുകയും ചെയ്യുന്നത്. ഡോക്ടര്‍ വാട്സ് ആപ്പ് കോളില്‍ വന്ന്, പ്രസവമെടുക്കാന്‍ കെരന്‍ പി.എച്ച്.സിയിലെ ഡോ. അര്‍ഷാദ് സോഫിയെയും സ്റ്റാഫിനെയും സഹായിച്ചു. ആറ് മണിക്കൂറുകള്‍ക്ക് ശേഷം യുവതി ആരോഗ്യമുള്ള പെണ്‍കുഞ്ഞിന് ജന്‍മം നല്‍കി.