സഹന തീക്ഷ്ണതയുടെ സുകൃത ദിനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് പെരുന്നാളിന്റെ പൊന്നമ്പിളിപ്രഭ വാനില്‍ തെളിഞ്ഞു. ഇന്ന് ആനന്ദത്തിന്റെ ഇരപകലുകളാണ്. ഇനിയുമൊരു നോമ്പുകാലത്തിലേക്ക് ആയുസ് മാറ്റിവെക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥനാനിര്‍ഭരനായി നന്ദികാണിക്കേണ്ട ദിനം. മതിമറന്നാഘോഷിക്കാനല്ല, മറിച്ച് മതബന്ധമായ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പങ്കുവെക്കലുകള്‍ നമ്മുടെ പരിസരങ്ങളില്‍ പൂത്തുലയട്ടെ. അല്ലാഹു വിശ്വാസികള്‍ക്കേകിയ സന്തോഷം സമ്പൂര്‍ണമാണ്. ആരാധനകള്‍ നിര്‍വഹിച്ചും അവന്റെ കല്‍പനകള്‍ പാലിച്ചുമാണ് വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിക്കേണ്ടത്. വിശ്വാസിയുടെ ആഹ്ലാദപ്രകടനത്തിനുപോലും അല്ലാഹു പ്രതിഫലമൊരുക്കിയിരിക്കുന്നു. എന്നാല്‍ ആഘോഷങ്ങള്‍ ആര്‍ഭാടമാവരുതെന്നു മാത്രം. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും മറ്റു വിഭവങ്ങളുടെയും കാര്യത്തില്‍ ധൂര്‍ത്ത് കടന്നുവരാത്ത മാതൃകാഘോഷമാകണം പെരുന്നാള്‍.
മാനവ സ്‌നേഹത്തിന്റെ ഉദാത്തമായ പ്രകടനമാണ് നമ്മില്‍ നിന്നുണ്ടാവേണ്ടത്. പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകിച്ചും. കുടുംബബന്ധം ചേര്‍ക്കാനും, അയല്‍ക്കാരനെ ആദരിക്കാനും അനുയോജ്യമായ സന്ദര്‍ഭമാണ് പെരുന്നാള്‍. ബന്ധങ്ങള്‍ക്കിടയില്‍ അറ്റുപോയ കണ്ണികള്‍ വിളക്കിച്ചേര്‍ക്കാനും, വിദ്വേഷവും വൈരാഗ്യവും മാറ്റിവച്ച് ഹൃദയശുദ്ധി വരുത്താനും പെരുന്നാളിനേക്കാള്‍ നല്ലൊരു ദിനം വേറെയില്ല. വിട്ടുവീഴ്ചയും കാരുണ്യവുമില്ലാത്ത പെരുന്നാളിന് എന്തു മധുരമാണുള്ളത്? എല്ലാവരും ഒരു ശരീരമെന്ന ബോധത്തില്‍ നിന്നല്ലാതെ ഒരുമയുണ്ടാവുകയില്ല. വിശ്വാസി സമൂഹം ഐക്യപ്പെടല്‍ അനിവാര്യമായ സാഹചര്യത്തില്‍ കൂടിയാണ് ഇത്തവണ പെരുന്നാള്‍ വിരുന്നെത്തിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം സമൂഹം വേദനപേറി കഴിയുകയാണ്. നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുസ്‌ലിം സഹോദരങ്ങളുടെ ദീനരോധനങ്ങള്‍ നിത്യേനെ നാം കേട്ടുകൊണ്ടിരിക്കുന്നു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ ജഹാന്‍ഗീര്‍പുരിയിലുള്‍പ്പെടെ നമ്മുടെ സഹോദരങ്ങള്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്കിരയാകുന്നു. ഒരു തെറ്റും ചെയ്യാത്ത എത്രയെത്ര സഹോദരങ്ങളാണ് നോമ്പും പെരുന്നാളുമില്ലാതെ ഇരുട്ടറകളില്‍ ജീവിതം ഹോമിക്കപ്പെടുന്നത്. ആട്ടിയോടിക്കപ്പെട്ടവര്‍ എത്രയാണ് ആരാന്റെ പീടികത്തിണ്ണകള്‍ നിത്യനിദ്രകള്‍ക്ക് ഇടങ്ങളാക്കി വെച്ചിരിക്കുന്നത്. ഇവിടെ നാം മതിമറന്നാഘോഷിക്കുന്നത് എങ്ങനെയാണ്? ഏത് ആഘോഷവും നമ്മുടെ ആത്മമിത്രങ്ങളെ ഓര്‍ത്തുകൊണ്ടാവണം.
ക്ഷമയും സഹിഷ്ണുതയും കൊണ്ട് നമ്മുടെ വിശ്വാസാദര്‍ശത്തെ ദൃഢപ്പെടുത്തേണ്ട സന്ദര്‍ഭം കൂടിയാണിത്. ഒരുമിച്ച്, ഒരേ സ്വരത്തില്‍ വിശ്വാസികളുടെ അന്തസിനു വേണ്ടി കൈകോര്‍ക്കണം. വേട്ടയാടപ്പെടുന്നവരുടെ മോചനത്തിനായി പ്രാര്‍ത്ഥനാനിര്‍ഭരരാകണം. ‘ഇന്നമല്‍ മുഅ്മിനൂന ഇഖ്‌വ’ – വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണെന്ന അടിസ്ഥാന തത്വം നാം മുറുകെ പിടിക്കണം. ‘നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു’ എന്ന വിശുദ്ധ ഖുര്‍ആനിലെ വചനം ഒരുമയുടെ മഹത്വം വിളംബരം ചെയ്യുന്നതാണ്. ‘അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ പരസ്പരം കലഹിക്കരുത്. കലഹിച്ചാല്‍ നിങ്ങള്‍ ദുര്‍ബലരാകും. നിങ്ങളുടെ വീര്യം നഷ്ടപ്പെടും’ എന്ന് വിശുദ്ധ ഖുര്‍ആന്‍ താക്കീത് നല്‍കുന്നുണ്ട്. ഭിന്നിക്കുന്നതിലൂടെ സമുദായത്തിന്റെ വീര്യം നഷ്ടപ്പെടുന്നതിനെ കുറിച്ച് പുണ്യ നബി (സ)യുടെ ഉപമ എത്ര അര്‍ഥവത്താണ്. ‘സുപ്രയില്‍ വിളമ്പി വെച്ച ഭക്ഷണത്തളികയിലേക്ക് വിശക്കുന്നവരുടെ കൈകള്‍ ചുറ്റുനിന്നും നീണ്ടുവരുന്നതുപോലെ നാലുപാടു നിന്നും ശത്രുക്കള്‍ നിങ്ങളെ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഒരു കാലം വരും’ എന്നാണ് പരിശുദ്ധ റസൂല്‍ (സ) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
മനുഷ്യ ഹൃദയം അശാന്തിയിലേക്ക് ആണ്ടുപോകുമ്പോള്‍ അവന്‍ പാര്‍ക്കുന്ന ലോകവും അസമാധാനത്തില്‍ അകപ്പെടും. ഭരണാധികാരികളുടെ മനസുകള്‍ ആയുധപ്പുരകളാകുമ്പോള്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ പോരും പോര്‍വിളിയും വര്‍ധിക്കും. ഒരു വ്യക്തിയില്‍ നിന്ന് മറ്റു വ്യക്തികളിലേക്ക് വിദ്വേഷം വ്യാപിക്കുമ്പോള്‍ സമൂഹത്തില്‍ അത് അനൈക്യത്തിന്റെ വിത്ത് പാകും. വിശുദ്ധ റമസാനിലെ നോമ്പ് പകര്‍ന്ന് നല്‍കിയ പാഠമിതാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വേര്‍തിരിവില്ലാതെ, ദേശ-ഭാഷ- വര്‍ണ-വര്‍ഗ വ്യത്യാസങ്ങളില്ലാതെ സ്രഷ്ടാവിന്റെ മുമ്പില്‍ വ്രതത്തിലൂടെ മനുഷ്യര്‍ ഐക്യപ്പെട്ടത് എത്ര മഹത്തരമാണ്. നോമ്പില്‍ മാത്രമല്ല, ഇസ്‌ലാമിലെ എല്ലാ ആരാധനകളിലും ഐക്യത്തിന്റെ സന്ദേശമുണ്ട്. നമസ്‌കാരത്തിലും സകാത്തിലും ഹജ്ജിലും ഇത് പ്രകടമായി കാണാം.
റമസാനിലെ നോമ്പിലൂടെ നേടിയെടുത്ത ഹൃദയസംസ്‌കരണവും ആത്മശുദ്ധീകരണവും സഹജീവി കാരുണ്യവും ഭാവിയില്‍ സ്വയം ശിക്ഷണത്തിന് സജ്ജമാക്കുന്നതാകണം. കോപം, കാപട്യം, അസൂയ, വൈരം, വിദ്വേഷം തുടങ്ങിയ മാലിന്യങ്ങളെ ഉന്മൂലനം ചെയ്ത് സ്ഫുടമായ ഹൃദയങ്ങളുമായാണ് നാം പെരുന്നാളില്‍ അല്ലാഹുവിന്റെ അപദാനങ്ങളെ വാഴ്ത്തുന്നത്. മതവിശ്വാസിക്ക് ശക്തിയേക്കാള്‍ വേണ്ടത് ഭക്തിയാണ് എന്ന പാഠവും റമസാന്‍ പകര്‍ന്നു തന്നിട്ടുണ്ട്. പക്വതയും പ്രശാന്തതയും സൗമ്യതയും സ്ഫുരിക്കുന്ന ജീവിതം നയിക്കാന്‍ ഇതെല്ലാം നമുക്ക് മുതല്‍ക്കൂട്ടാവും. ശരീരത്തിന്റെ സകല അംശങ്ങളിലേക്കും വ്യാപിക്കുന്നതും ആയുസ് മുഴുവന്‍ സ്വാധീനിക്കുന്നതുമായ ഒരു സംസ്‌കാരമായി റമസാന്‍ നമ്മുടെ ജീവിതത്തില്‍ തങ്ങിനില്‍ക്കണം. സഹജീവികളുടെ കഷ്ടപ്പാടുകളറിയാന്‍ ലഭിച്ച അവസരത്തിലൂടെ ജീവകാരുണ്യത്തിന്റെ മഹത്തായ കവാടങ്ങളാണ് മലര്‍ക്കെ തുറന്നിട്ടിരിക്കുന്നത്. കഷ്ടപ്പെടുന്നവരിലേക്ക് കൂടുതലായി കാരുണ്യത്തിന്റെ നോട്ടമെത്തേണ്ട ദിനംകൂടിയാണ് പെരുന്നാള്‍. ‘ഭൂമിയിലുള്ളവരോട് നീ കരുണ കാണിക്കുക.
എങ്കില്‍ ആകാശത്തുള്ളവന്‍ നിന്നോടും കരുണ കാണിക്കും’. എന്നാണ് പുണ്യവചനം. എന്നാല്‍ കാരുണ്യം വറ്റിവരണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്ന കാര്യം പറയാതിരിക്കാനാവില്ല. സ്വന്തം കുഞ്ഞിനോടു പോലും കരുണ കാണിക്കാനറിയാത്തവരുടെ ലോകം. കൊന്നു കുഴിച്ചുമൂടാന്‍ ഒരു മടിയുമില്ലാത്ത കാലം. കരുണവറ്റി, കരിമ്പാറ കണക്കെയുള്ള ഹൃദയമാണ് പലര്‍ക്കും. സഹതാപം തീരെയില്ലാത്തവര്‍ കൂടിക്കൂടി വരുന്നു. അനുതാപത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ലാത്തവര്‍. രക്ഷകര്‍ തന്നെ ശിക്ഷകരായി മാറുന്ന നാടാണിത്. സ്വന്തം ശരീരത്തോടുപോലും കാരുണ്യം കാണിക്കാത്തവര്‍ക്ക് എങ്ങനെ സഹജീവികളോട് കരുണ കാണിക്കാനാവും? പരസ്പരം കരുണകാണിക്കുന്ന സമൂഹം എത്ര മനോഹരമായിരിക്കും! നമുക്കിടയില്‍ എത്രയേറെ ദരിദ്രരും കഷ്ടപ്പാടനുഭവിക്കുന്നവരുമാണുള്ളത്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്തവര്‍. തലചായ്ക്കാനിടമില്ലാത്തവര്‍. മാറാരോഗങ്ങളുടെ പിടിയിലമര്‍ന്ന് ചികിത്സക്കു ഗതിയില്ലാതെ വേദന കടിച്ചമര്‍ത്തുന്നവര്‍. മാതാപിതാക്കളുടെ വാത്സല്യവും സ്‌നേഹവും അറിയാതെ ആലസ്യത്തോടെ വളരുന്ന അനാഥകള്‍. നമ്മളൊന്നും കണ്ണു തുറന്നു നോക്കിയില്‍ നമുക്ക് ചുറ്റും ഇവരെ കാണാന്‍ കഴിയും. ഇവരിലേക്ക് കാരുണ്യത്തിന്റെ കരങ്ങള്‍ നീട്ടാനുള്ള കൂട്ടായ്മകള്‍ക്ക് ശക്തിപകരേണ്ട കാലമാണിത്.
പെരുന്നാള്‍ വിശ്വാസിയുടെ ഹൃദയത്തില്‍ സ്‌നേഹവും കാരുണ്യവും നിറക്കുന്നതാണ്. മറ്റുള്ളവരെ സ്‌നേഹിക്കാന്‍ അവനെ പരിശീലിപ്പിക്കുന്നു. സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ ഒരു ദരിദ്രനും അഗതിയും കഷ്ടപ്പെടരുത്, പ്രയാസമനുഭവിക്കരുത്. അവന്റെ പ്രയാസം നമ്മെ എപ്പോഴും വേദനിപ്പിക്കുന്നതായിരിക്കണം. അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് നാം ബാധ്യതയായി കാണുകയും വേണം. ദുരിതമനുഭവിക്കുന്നവരിലേക്ക് ഇറങ്ങിച്ചെല്ലുന്നവനാണ് യഥാര്‍ഥ മനുഷ്യന്‍. ‘മനുഷ്യന്‍ തന്റെ സഹോദരനെ സഹായിക്കുന്നിടത്തോളം കാലം അല്ലാഹു അവനെ തുണച്ചുകൊണ്ടേയിരിക്കും.’ എന്ന ആപ്ത വാക്യം ഇവിടെ പ്രസക്തമാണ്. പെരുന്നാളിലെ സന്തോഷവും ആനന്ദവും എല്ലാവര്‍ക്കുമാണ്.
ഏതെങ്കിലും വ്യക്തിക്കോ കുടുംബത്തിനോ അത് നിഷേധിക്കപ്പെടരുത്. അതിനാലാണ് ദരിദ്രരെ സഹായിക്കാന്‍, അഗതിയെ വിരുന്നൂട്ടാന്‍ ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു:”നോമ്പുകാരനെ ശുദ്ധീകരിക്കാനും, അഗതിയെ ഊട്ടാനുമായി നബി(സ) ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാക്കിയത്’ പെരുന്നാള്‍ ദിനത്തില്‍ നോമ്പെടുക്കല്‍ നിഷിദ്ധവും, ഭക്ഷണം കഴിക്കല്‍ നിര്‍ബന്ധവുമാക്കിയിരിക്കുന്നു. പെരുന്നാളിന്റെ ഏറ്റവും വലിയ സന്തോഷം ഈ നോമ്പുമുറിക്കല്‍ അഥവാ ഭക്ഷണം കഴിക്കല്‍ തന്നെയാണ്. തിരുമേനി(സ) പറഞ്ഞിരിക്കുന്നു. വിഭവ സമൃദ്ധമായ തീന്‍മേശക്കു മുന്നിലിരിക്കുമ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്തവരെ നാം ഓര്‍ക്കണം. അവരുടെ ക്ഷേമത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. സ്‌നേഹ ബന്ധങ്ങള്‍ക്ക് ഊഷ്മളത പകരുന്ന നിമിഷങ്ങളിലൂടെ നമ്മുടെ ആഘോഷങ്ങളെ ആരാധകളാക്കാന്‍ നമുക്ക് കഴിയണം. നോമ്പുനോറ്റ് കടഞ്ഞെടുത്ത ഹൃദയത്തില്‍ പെരുന്നാളിന്റെ പൂനിലാവുദിക്കുന്ന പുണ്യദിനത്തില്‍ സല്‍ക്കര്‍മ വസന്തങ്ങളുടെ പുതുനാമ്പുകള്‍ വിരിഞ്ഞുയരട്ടെ എന്ന പ്രാര്‍ത്ഥനാ വചസുകളോടെ….അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്