കോഴിക്കോട്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്‌നേഹ സദസ്സ് രാജ്യത്തിനുള്ള സന്ദേശമാണെന്ന് തെലങ്കാന മുഖ്യമന്ത്രിയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി പറഞ്ഞു. സ്‌നേഹ സദസ്സിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ സന്ദേശം രാജ്യത്തുടനീളം പരക്കണം. നമ്മുടെ ഭരണഘടനയെ തിരിച്ച് പിടിക്കണം.- അദ്ദേഹം പറഞ്ഞു.
ഒരു വർഗീയ ശക്തികളെയും കേരളം ഈ മണ്ണിലേക്ക് പ്രവേശിക്കാൻ സമ്മതിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഞാൻ അഭിമാനിക്കുകയും അതോടൊപ്പം അസൂയപ്പെടുകയും ചെയ്യുന്നു. ഇത് വെറും പുസ്തക പ്രകാശനമല്ല. സ്‌നേഹത്തിന്റെ കട തുറക്കുന്ന പുസ്തക പ്രകാശനമാണ്. ഇന്നത്തെ സാഹചര്യത്തിൽ ഈ സദസ്സ് ഏറെ അർത്ഥവത്താണ്. കേരളം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞാണ് രാഹുൽ ഗാന്ധി തെലങ്കാന മത്സരിക്കാൻ വിസമ്മതിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഇന്ത്യ സഖ്യത്തിന്റെ ആത്മാവാണ്. യു.ഡി.എഫിന്റെ വിശ്വസ്ത ഘടക കക്ഷിയാണ് മുസ്‌ലിംലീഗെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിഭജിക്കുന്ന പ്രഭാഷണങ്ങൾ നടത്തുന്നു. അത് രാജ്യത്തിന് ഗുണകരമല്ല. ബി.ജെ.പി ദേശത്തിന്റെ താൽപര്യം സംരക്ഷിക്കുന്നില്ല. എല്ലാവരെയും ഒരുപോലെ കാണുകയാണ് വേണ്ടത്. നരേന്ദ്ര മോദി പ്രധാനമന്ത്രി കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. ദലിത്, ന്യൂനപക്ഷ സംവരണം എടുത്ത് കളയാൻ വേണ്ടിയാണ് ഇത്തവണ 400 സീറ്റ് വേണമെന്ന് ബി.ജെ.പി മോഹിക്കുന്നത്.
സമൂഹത്തെ ഒന്നിച്ച് മുന്നോട്ട് പോകാൻ കേരളം പുലർത്തുന്ന ജാഗ്രതയെ രാജ്യം മാതൃകയാക്കണം. ഈ സദസ്സ് ഒരു മിനി ഇന്ത്യയാണ്. തെലങ്കാനയിൽ വളരെ തിരക്കുള്ള സമയത്താണ് ഞാൻ വരുന്നത്. ഈ യോഗമാണ് അതിനേക്കാൾ പ്രധാനമെന്ന് കരുതുന്നു. കാരണം ഇത് രാജ്യത്തിന് നൽകുന്ന സന്ദശമാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ദക്ഷിണേന്ത്യയിൽനിന്ന് മാത്രം ഇന്ത്യ സഖ്യം നൂറിലധികം സീറ്റ് നേടുമെന്നും നരേന്ദ്ര മോദിയുടെ ഗ്യാരണ്ടിയുടെ വാറണ്ടി കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.