തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് നിലപാട് ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ലെന്ന് തീരുമാനിച്ച വെള്ളാപ്പള്ളി നടേശന്‍ 15ന് ചെങ്ങന്നൂരില്‍ ചേരുന്ന എസ്.എന്‍.ഡി.പിയുടെ 116ാം ജന്മവാര്‍ഷിക സമ്മേളനത്തില്‍ തങ്ങളുടെ വോട്ട് ആര്‍ക്കെന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. ആള്‍ക്കൂട്ടം കാട്ടി ബി.ജെ.പിയെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്.എന്‍.ഡി.പി വാര്‍ഷിക സമ്മേളനം ചെങ്ങന്നൂര്‍ മണ്ഡലത്തിലെ തേരകത്ത് മൈതാനത്ത് സംഘടിപ്പിക്കുന്നത്. മണ്ഡലത്തില്‍ തങ്ങള്‍ക്ക് 40,000 വോട്ടുകള്‍ ഉണ്ടെന്നാണ് ബി.ഡി.ജെ.എസിന്റെ അവകാശവാദം. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്. എന്‍.ഡി.എയുമായി സഹകരിക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നിര്‍ദേശം നല്‍കിയതോടെ പ്രാദേശിക നേതൃത്വം നിശബ്ദമാണ്. കഴിഞ്ഞ ദിവസം പ്രാദേശിക നേതാക്കള്‍ വെള്ളാപ്പള്ളിയെയും തുഷാറിനെയും സന്ദര്‍ശിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 15ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വെള്ളാപ്പള്ളി നല്‍കിയ ഉറപ്പ്. ഇതനുസരിച്ച് എസ്.എന്‍.ഡി.പി സമ്മേളനത്തില്‍ ഉദ്ഘാടകനായ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ് ആരെ പിന്തുണക്കണമെന്ന് നിര്‍ദേശിക്കുമെന്നാണ് കരുതപ്പെടുന്നത്.
ചെങ്ങന്നൂരില്‍ ഒറ്റക്ക് മത്സരിച്ച് കരുത്ത് തെളിയിക്കണമെന്നും ബി.ജെ.പിയുമായി ബന്ധമില്ലെന്നും പരസ്യമായി പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി അവര്‍ക്ക് വഴങ്ങാന്‍ സാധ്യതയില്ല. അതേസമയം ബി.ജെ.പി ദേശീയ നേതൃത്വം പലപ്രാവശ്യം തുഷാറുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ തീരുമാനം വെള്ളാപ്പള്ളിക്ക് വിട്ടുകൊണ്ട് തുഷാര്‍ നിശബ്ദത പാലിക്കുകയാണ്. പാര്‍ട്ടി എല്‍.ഡി.എഫിനെ പിന്തുണക്കുമെന്ന അഭ്യൂഹം ബി.ഡി.ജെ.എസിലെ ഉന്നത നേതാക്കള്‍ തന്നെ നിഷേധിക്കുന്നു. അങ്ങനെയെങ്കില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാനും സാധ്യതയുണ്ട്. മണ്ഡലത്തില്‍ തങ്ങളുടെ ശക്തി തെളിയിക്കാന്‍ പരസ്യമായി ഏതെങ്കിലുമൊരു മുന്നണിയെ പിന്തുണക്കേണ്ട സ്ഥിതിയാണുള്ളത്. സജി ചെറിയാന് വിജയസാധ്യതയുണ്ടെന്നും ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പെടുമെന്ന് പറഞ്ഞ് വെള്ളാപ്പള്ളി എല്‍.ഡി.എഫിനോട് അടുക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ അടക്കമുള്ള ഉന്നത സി.പി.എം നേതാക്കള്‍ വെള്ളാപ്പള്ളിയുമായി അകലം പാലിക്കണമെന്ന നിലപാട് ആവര്‍ത്തിക്കുന്നു.
ഏതായാലും ബി.ഡി.ജെ.എസിന് സ്വാധീനമുള്ള മണ്ഡലമെന്ന നിലയില്‍ ചെങ്ങന്നൂരില്‍ നിലപാട് തുറന്നുപറയാന്‍ നിര്‍ബന്ധിതനയായിരിക്കുകയാണ് വെള്ളാപ്പള്ളി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് മുന്നോട്ടുപോകാനാവില്ല. യു.ഡി.എഫാകട്ടെ വെള്ളാപ്പള്ളിയുടെ പിന്തുണ തേടുകയോ ബി.ഡി.ജെ.എസിനെ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.
ബി.ജെ.പി.യുമായി സഖ്യം തുടര്‍ന്നാല്‍ ബി.ഡി.ജെ.എസിന്റെ അണികള്‍ ഇനി പിന്തുണക്കില്ലെന്നും അതിന് വിശ്വാസ്യതയുണ്ടാകുമെന്ന് തോന്നുന്നില്ലെന്നും കഴിഞ്ഞദിവസം വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ബി.ജെ.പിയെ ഞെട്ടിക്കാന്‍ ചൊവ്വാഴ്ച എസ്.എന്‍.ഡി.പി വാര്‍ഷിക സമ്മേളനം
Tags: sndp