X
    Categories: Newsworld

‘അടുക്കളയിലെ പെരുമ്പാമ്പ്’; പാമ്പുപിടുത്തക്കാര്‍ വന്നപ്പോള്‍ കണ്ടത്

അടുക്കളയില്‍ വമ്പന്‍ ഒരു പെരുമ്പാമ്പിനെ കണ്ട് കുടുംബം ആദ്യമൊന്നു ഞെട്ടി. ഉടന്‍ പാമ്പുപിടുത്തക്കാരെ വിളിച്ചു വരുത്തി. രാത്രി ഏറെ വൈകിയ സമയത്താണ് അടുക്കളയില്‍ പെരുമ്പാമ്പ് കയറിയെന്നു കരുതിയത്. എന്നാല്‍ പാമ്പ് പിടുത്തക്കാര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സംഭവം മനസിലായത്. കരുതിയ പോലെ അതൊരു പെരുമ്പാമ്പായിരുന്നില്ല. ഒരു കൂണ്‍ പൊട്ടി മുളച്ചതായിരുന്നു. അതിന്റെ നിറമാണ് കുടുംബത്തെ ചതിച്ചത്. ഓസ്‌ട്രേലിയയിലെ ബ്രിസ്ബനില്‍ നടന്ന ഈ സംഭവം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ തരംഗമാണ്.

ഒറ്റനോട്ടത്തില്‍ കാര്‍പെറ്റ് പൈതണ്‍ ഇനത്തില്‍പ്പെട്ട പാമ്പാണെന്നേ കൂണ്‍ കണ്ടാല്‍ തോന്നുകയുള്ളൂ. ഇത് കണ്ടമാത്രയില്‍ ഭയന്നുപോയ കുടുംബം രണ്ടാമതൊന്ന് പരിശോധിക്കാന്‍ മുതിരാതെ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. പ്രദേശത്ത് അടുത്തിടെ നല്ല മഴ ലഭിച്ചിരുന്നു. അതേത്തുടര്‍ന്ന് പൊട്ടിമുളച്ച കൂണാണ് വീട്ടുകാരെ വെട്ടിലാക്കിയത്. ദൂരെനിന്നും ഒറ്റനോട്ടത്തില്‍ പെരുമ്പാമ്പ് ആണെന്നു തോന്നുന്ന തരത്തിലാണ് കൂണിന്റെ രൂപമെന്ന് പാമ്പിനെ പിടിക്കാനെത്തിയവര്‍ വ്യക്തമാക്കി. ഇത് തങ്ങള്‍ക്ക് പുതിയൊരു അനുഭവം അല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബെല്‍റ്റും റബര്‍ പാമ്പുകളും ഇലകളുമൊക്കെ കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ വിളിക്കുന്നത് സ്ഥിരം സംഭവമാണ്.

കൂണിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇളം തവിട്ടും കറുപ്പും നിറങ്ങള്‍ ഇടകലര്‍ന്ന് ചെറിയ വരകളോടു കൂടിയ കൂണ്‍ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ആരും ഭയന്നു പോകുമെന്നാണ് ഈ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍. ബ്രിസ്‌ബെയ്ന്‍ മേഖലയില്‍ ഏറ്റവുമധികം കണ്ടുവരുന്ന കാര്‍പെറ്റ് പൈതണ്‍ ഇനത്തില്‍പ്പെട്ട പാമ്പുകള്‍ക്കും ഏതാണ്ട് ഇതേ നിറം തന്നെയാണ്.

 

 

web desk 1: