കാട്ടാക്കട: കള്ളിക്കാട്ട് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. കൂടെയുണ്ടായിരുന്നവരുടെ സമയോചിത ഇടപെടല്‍ കാരണം തൊഴിലാളി രക്ഷപ്പെട്ടു. കള്ളിക്കാട് പെരുംകുളങ്ങര പത്മ വിലാസത്തില്‍ ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പെരുമ്പാമ്പ് ചുറ്റിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം.
നെയ്യാര്‍ഡാം കിക്മ കോളേജ് കോമ്പൗണ്ടില്‍ തൊഴിലുറപ്പ് ജോലിക്കായാണ് ഭുവനചന്ദ്രന്‍ നായരും സംഘവും എത്തിയത്. ജോലിചെയ്യുന്നതിനിടയില്‍ ഭുവനചന്ദ്രന്‍ നായരുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റുകയായിരുന്നു. സംഭവം കണ്ട് കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ പാമ്പിന്റെ കഴുത്തിലും വാലിലും പിടിച്ചുവലിച്ച് പാമ്പിനെ കഴുത്തില്‍ നിന്നു വേര്‍പെടുത്തി ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു. അല്പസമയംകൂടി പാമ്പ് ചുറ്റിയിരുന്നുവെങ്കില്‍ ഇയാളുടെ ജീവന് തന്നെ ഭീഷണിയാവുമായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. പിടികൂടിയ പെരുമ്പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിലേക്ക് കയറ്റി വിട്ടു.