കൊയിലാണ്ടി: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ, യുവാവിന് ഹെല്‍മെറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. ഓഫീസിലേക്ക് അടിയന്തരമായി പോകുന്നതിനിടെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി രാഹുലിന് പാമ്പിന്റെ കടിയേറ്റത്. 5 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ തലയുടെ വലതുഭാഗത്തുനിന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹെല്‍മെറ്റ് ഊരി മാറ്റിയപ്പോഴാണ് അതിനകത്ത് വലിയ പാമ്പിനെ കണ്ടതെന്ന് രാഹുല്‍ പറയുന്നു.
ഹെല്‍മെറ്റ് ഊരിയ ഉടനെ പാമ്പ് നിലത്ത് വീണതായും അത് അതിന്റെ ഇടം തേടി പോയതായും രാഹുല്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ തന്നെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ചത് മാത്രമാണ് ഓര്‍മയുള്ളു. ബോധം ഉണ്ടായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഉള്‍പ്പടെ ആരോടും സംസാരിക്കാനും കഴിഞ്ഞിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.
വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ കൊയിലാണ്ട് താലുക്ക് ആശുപത്രയില്‍ നിന്നും രാഹുലിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് രാഹുലിന്റെ ആരോഗ്യനില മെച്ചപ്പെട്ടത്. കഴിഞ്ഞ എട്ടുമാസത്തിനിടെ പന്ത്രണ്ടുപേരാണ് സമാനമായ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
പാമ്പുകള്‍ പലപ്പോഴും അവരുടെ ഇടങ്ങളില്‍നിന്ന് ചുടുള്ളതും വരണ്ടതുമായ സ്ഥലങ്ങള്‍ തേടുന്നു. തുറസ്സായ സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന ഹെല്‍മെറ്റുകള്‍ പലപ്പോഴും അവയ്ക്ക് സുരക്ഷിതമായി വിശ്രമിക്കാനുളള ഇടമാകുന്നുവെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സുനിഷ മേനോന്‍ പറഞ്ഞു. പാമ്പുകടിയേറ്റവര്‍ ഉടന്‍ തന്നെ ചികിത്സ തേടണം. നമ്മുടെ രാജ്യം വൈവിധ്യമാര്‍ന്ന പാമ്പുകളുടെ ആവാസ കേന്ദ്രമാണ്. അതില്‍ വിഷമുള്ളതും അല്ലാത്തതുമായി പാമ്പുകളെ വേര്‍തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ടാണ് പാമ്പുകളെ ഏറെ ശ്രദ്ധിക്കണമെന്ന് പറയുന്നതെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.