X

സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത്; വിശദീകരിച്ചു കുടുങ്ങി സര്‍ക്കാരും മുന്നണിയും അടുത്തതാരിലേക്ക് എന്ന പേടിയും

 

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിരന്തരമായി പ്രതിക്കൂട്ടിലാകുന്നത് പിണറായി സര്‍ക്കാരിന് തലവേദനയാകുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ ശിവശങ്കരന്‍, സ്വപ്‌നാ സുരേഷ് വഴി കെടി ജലീല്‍ വരെ എത്തി നില്‍ക്കുന്ന വന്‍വിവാദങ്ങളുടെ പരമ്പര മുഖ്യമന്ത്രിയുടെയും ഇടതു കേന്ദ്രങ്ങളുടെയും മുട്ടിടിക്കുന്നു. കേസ് ഇനി ആരിലേക്കാണ് വരിക എന്ന പിരിമുറുക്കത്തിലാണ് സര്‍ക്കാരും മുന്നണിയും. കേസിന്റെ പോക്കു കണ്ടുള്ള വിഭ്രാന്തി മൂലം സിപിഎം ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരെയും തിരിയാന്‍ തുടങ്ങി.

മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതും തുടര്‍ന്നും ചോദ്യം ചെയ്യുമെന്ന സൂചന വന്നതും സിപിഎമ്മിനു ചെറിയ തലവേദനയല്ല. വിശ്വസ്തനെ മുഖ്യമന്ത്രി കൈവിടില്ലെന്ന് ഇന്നലെയും വ്യക്തമായി. ജലീല്‍ അഴിമതിക്കാരനല്ലെന്നാണ് സിപിഎം ഇപ്പോഴും പറയുന്നത്. ഇഡി ചോദ്യം ചെയ്‌തെന്ന പേരില്‍ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കില്ല എന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍ പാര്‍ട്ടിക്കകത്തു തന്നെ ജലീലിനെതിരെ മുറുമുറുപ്പുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിനു പിന്നാലെ പാര്‍ട്ടി സെക്രട്ടറിയുടെ വീടും അന്വേഷണത്തിന്റെ കേന്ദ്രസ്ഥാനത്തേക്കു വന്നത് ഏറ്റവും വലിയ അടിയായിരിക്കുകയാണ്. ബിനീഷ് കൂടി ഉള്‍പെട്ടതോടെയാണ് ഈ സ്ഥിതി വന്നത്. ഇതു കാരണം സര്‍ക്കാരും മുന്നണിയും പ്രതിക്കൂട്ടിലായി. സ്വര്‍ണക്കടത്തിനു പുറമെ പല സാമ്പത്തിക ഇടപാടുകളിലും ബിനീഷ് കണ്ണിയാണ് എന്നതിനാല്‍ അന്വേഷണത്തെ സിപിഎം കരുതിയിരുന്നേ പറ്റൂ. സ്വര്‍ണക്കടത്തു കേസിന്റെ തീവ്രവാദ ബന്ധത്തിലേക്ക് എന്‍ഐഎ പോകുമെന്നു കരുതിയിരിക്കെയാണ്, ഹവാല ബന്ധങ്ങളെക്കുറിച്ചുള്ള ഇഡിയുടെ അന്വേഷണം പുതിയ വെല്ലുവിളിയായി ഉയരുന്നത്.

ലൈഫ് കമ്മിഷന്‍ ഇടപാടില്‍ ഒരു മന്ത്രിപുത്രന്‍ കൂടി ഉള്‍പ്പെട്ടുവെന്ന വിവാദവും അയാളും സ്വപ്നയുമായി ഒന്നിച്ചുനില്‍ക്കുന്നതായി പ്രചരിക്കുന്ന ചിത്രവും പാര്‍ട്ടിയില്‍ ആശയക്കുഴപ്പം കൂട്ടി. താഴേത്തട്ടില്‍ അമര്‍ഷവും ആശങ്കയും നിറഞ്ഞ ചര്‍ച്ചകളുണ്ട്. ജലീലിനെ ഇഡി ചോദ്യം ചെയ്യുന്നതിലേക്കു കാര്യങ്ങളെത്തിയതിനെക്കുറിച്ചു മന്ത്രിസഭയില്‍ തന്നെ ഭിന്നാഭിപ്രായങ്ങളുണ്ട്. വിയോജിപ്പ് തുറന്നു പറയണമെന്ന സമ്മര്‍ദം സിപിഐക്കു മേലുമുണ്ട്. ഇടതുഭരണത്തില്‍ സാധാരണ കാണാത്ത വ്യതിയാനങ്ങള്‍ സിപിഎം, സിപിഐ കേന്ദ്ര നേതൃത്വങ്ങള്‍ക്കും ഗൗരവത്തിലെടുക്കണ്ടിവരും.

 

 

web desk 1: