ഓണ്‍ലൈന്‍ ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ആശ്രയിക്കുന്ന രീതിയാണ് ഒടിപി. എന്നാല്‍ ഒടിപി സംവിധാനവും സുരക്ഷിതമല്ല എന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഒടിപി അയക്കാനായി മുഖ്യമായി ആശ്രയിക്കുന്ന ടെക്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍.
ടെക്സ്റ്റ് മാനേജ്മെന്റ് സിസ്റ്റം ഹാക്ക് ചെയ്ത ശേഷം ഒടിപി വിവരങ്ങള്‍ റീ ഡയറക്ട് ചെയ്ത് തട്ടിപ്പ് നടത്താന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വാട്സ്ആപ്പ് പോലുള്ള സര്‍വീസുകള്‍ ലോഗിന്‍ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ലിങ്കുകളും സുരക്ഷിതമല്ല. ഇവയും ഹാക്ക് ചെയ്യപ്പെടാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ടെലികോം കമ്പനികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്ന ശ്രദ്ധ കുറവുകള്‍ ഹാക്കര്‍മാര്‍ ചൂഷണം ചെയ്തെന്ന് വരാം. ഉപഭോക്താവ് അറിയാതെ ടെക്സ്റ്റ് മെസേജിങ് മാനേജ്മെന്റ് സിസ്റ്റം ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
മദര്‍ബോര്‍ഡ് റിപ്പോര്‍ട്ടര്‍ ജോസഫ് കോക്സിന് ഉണ്ടായ അനുഭവമാണ് ഇതിലേക്ക് വെളിച്ചം വീശുന്നത്. ഹാക്കര്‍ എളുപ്പത്തില്‍ എസ്എംഎസ് റീഡയറക്ട് ചെയ്യുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്തതാണ് പുതിയ തരത്തിലുള്ള സൈബര്‍ ആക്രമണത്തിന്റെ അപകട സാധ്യത പുറത്തു കൊണ്ടുവന്നത്.
എസ്എംഎസ് റീഡയറക്ഷന്‍ സേവനത്തിന് സേവനദാതാക്കള്‍ നിസാര തുകയാണ് ഈടാക്കുന്നത്. ബിസിനസ് ഇടപാടുകള്‍ക്കാണ് സാധാരണ നിലയില്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇത് ചൂഷണം ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.