അമേത്തി: അമേത്തിയില്‍ ബിജെപി നേതാവ് ഇറാനിയുടെ അടുത്ത അനുയായി സുരേന്ദ്രസിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാണെന്നും ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവരും ബിജെപിക്കാര്‍ തന്നെയാണ്. അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരില്‍ ഒരാളില്‍ നിന്ന് നാടന്‍ തോക്ക് കണ്ടെത്തി. ഇതുപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സീറ്റ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ പി സിങ് വ്യക്തമാക്കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതികളില്‍ ഒരാള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്ര സിങ് ഇതിനെ എതിര്‍ത്തു. ഇതാണ് ശത്രുതക്ക് കാരണം. ഇതേ തുടര്‍ന്ന് ഇവര്‍ കൊലപാതകത്തിന് ആസൂത്രണം ചെയ്യുകയും തെരഞ്ഞെടുപ്പിന് പിന്നാലെ കൃത്യം നടപ്പാക്കുകയുമായിരുന്നു.
അമേത്തിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ അമേത്തിയില്‍ ബിജെപിക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചയാളായതിനാലാണ് സുരേന്ദ്ര സിങ്ങിനെ കൊലപ്പെടുത്തിയതെന്നും സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍ വെച്ചായിരുന്നു സുരേന്ദ്ര സിങ്ങിന് വെടിയേറ്റത്. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.