ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ പ്രതികരിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ വിമര്‍ശനം രൂക്ഷമാവുന്നു. വിമര്‍ശനം ശക്തമായതോടെ തന്റെ വായയും കയ്യും മൂടിക്കെട്ടിയ ചിത്രം പങ്കുവെച്ച് സ്മൃതി ഇറാനി രംഗത്തെത്തി. നേരത്തെ, ഒരു ഹിന്ദി സീരിയലിന് വേണ്ടി അവര്‍ അഭിനയിച്ച രംഗമാണിത്.
ഞാന്‍ സംസാരിച്ചുതുടങ്ങിയാല്‍ നിങ്ങള്‍തന്നെ പറയും, ഞാന്‍ സംസാരിച്ചുകൊണ്ടേ ഇരിക്കുകയാണെന്നുള്ള ഹിന്ദി വാക്കാണ് ചിത്രത്തിന് അടിക്കുറിപ്പായി ഉപയോഗിച്ചിരിക്കുന്നത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വിഷയത്തില്‍ പ്രതികരണവുമായി സ്മൃതി ഇറാനി എത്തിയത്.
നിങ്ങള്‍, നിങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് രക്തംപുരണ്ട സാനിറ്ററി നാപ്കിനുകള്‍ അയച്ചുകൊടുക്കുമോ എന്ന് മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ മന്ത്രി ചോദിച്ചു. എല്ലാവര്‍ക്കും പ്രാര്‍ഥിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശമില്ല. കേന്ദ്രമന്ത്രിയെന്ന നിലക്ക് സുപ്രീംകോടതി വിധിയെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ തനിക്ക് കഴിയില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു. എന്നാല്‍ ഒരു കാര്യം പറയട്ടേ, ആരെങ്കിലും ചോരപുരണ്ട സാനിറ്ററി നാപ്കിനുകള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് അയച്ചുകൊടുക്കുമോ? ഇതേ കാര്യം തന്നെ നിങ്ങള്‍ ദൈവത്തെ കാണാന്‍ പോകുന്നതിന് മുമ്പ് ചെയ്യുമോ എന്നും മന്ത്രി ചോദിച്ചു.