കിഴക്കന്‍ യൂറോപ്പില്‍ റഷ്യയും പാശ്ചാത്യ ശക്തികളും പോര്‍വിളി തുടരുമ്പോള്‍ യുദ്ധഭീതി നിറഞ്ഞ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏത് നിമിഷവും റഷ്യ യുക്രെയ്‌നെ കടന്നാക്രമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ നാറ്റോ രാജ്യങ്ങള്‍ സൈനിക സന്നാഹങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. റഷ്യയുടെ അധിനിവേശ നീക്കങ്ങള്‍ തടയാന്‍ അമേരിക്കയും ബ്രിട്ടനും സേനാവിന്യാസം ആരംഭിച്ചിരിക്കുന്നു. പടക്കപ്പലുകളും പോര്‍വിമാനങ്ങളും അയച്ചുകൊടുത്ത് നാറ്റോ സഖ്യത്തിന്റെ കരുത്ത് കാണിച്ച് റഷ്യയെ വിരട്ടുകയാണ് അവരുടെ ലക്ഷ്യം. വിഴുങ്ങാനായി വാപിളര്‍ത്തി നില്‍ക്കുന്ന റഷ്യയില്‍നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് യുക്രെയ്ന്‍ കെഞ്ചി അപേക്ഷിക്കുന്നുണ്ട്. സൈനികരോടൊപ്പം കൂടുതല്‍ ആയുധങ്ങളും മേഖലയിലേക്ക് അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രഖ്യാപിച്ചിരിക്കുന്നു. നാറ്റോ ആസ്ഥാനമായ ബ്രസല്‍സില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികരാണ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. അത്യാധുനിക ആയുധങ്ങളും അവര്‍ എത്തിച്ചിട്ടുണ്ട്. യുക്രെയ്‌ന് വടക്ക് ബെലാറസ് അതിര്‍ത്തിയിലേക്കും റഷ്യ സൈന്യത്തെ അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ സേന യുക്രെയ്‌നെ പരമാവധി വളഞ്ഞിട്ടു പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തം. .ശീതയുദ്ധ കാലത്തിനുശേഷം ആദ്യമായാണ് റഷ്യക്കും പാശ്ചാത്യ ശക്തികള്‍ക്കുമിടയില്‍ ഇത്രയും വലിയൊരു സംഘര്‍ഷം ഉരുണ്ടുകൂടുന്നത്.
യുക്രെയ്ന്‍ അധിനിവേശം അജണ്ടയില്‍ ഇല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ ആവര്‍ത്തിച്ച് പറയുമ്പോഴും എന്തൊക്കെയോ ചിലത് അവരുടെ ഇള്ളിലുണ്ടെന്ന് വ്യക്തം. പുടിനെന്ന ഭരണാധികാരിയുടെ മനോഘടന അറിയുന്നതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് കാഴ്ചക്കാരായി നില്‍ക്കാന്‍ നാറ്റോക്കാവില്ല. ഫ്രെബുവരി അവസാനത്തോടെ യുക്രെയ്ന്‍ അധിനിവേശം യാഥാര്‍ത്ഥ്യമാക്കാന്‍ റഷ്യ അണിയറയില്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് യു.എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ യൂറോപ്പ് മാത്രമല്ല, അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം അതിന് കനത്ത വില നല്‍കേണ്ടിവരും. ചരിത്രപരമായി റഷ്യക്ക് താല്‍പര്യമുള്ള ഭൂമിയാണ് യുക്രെയ്ന്‍. നൂറ്റാണ്ടുകളോളം റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന യുക്രെയ്ന്‍ 1991ലെ സോവിയറ്റ് തകര്‍ച്ചയോടെയാണ് സ്വതന്ത്ര രാജ്യമായത്. അതോടെ റഷ്യയോട് അകന്ന യുക്രെയ്്ന്‍ മാനസികമായി പടിഞ്ഞാറിനോട് അടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. യുക്രെയ്ന്‍ കേന്ദ്രീകരിച്ച് പാശ്ചാത്യ ശക്തികള്‍ കളിക്കുന്നത് ഉള്‍ക്കൊള്ളാന്‍ റഷ്യക്ക് ഒരിക്കലും സാധ്യമല്ല. അവിടെ സ്വന്തക്കാരെ അധികാരത്തിലെത്തിച്ച് കരുക്കള്‍ നീക്കാനാണ് പുടിന്‍ ആദ്യം ശ്രമിച്ചത്. മുന്‍ പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ച് തികഞ്ഞ റഷ്യന്‍ ഭക്തനായിരുന്നു. അദ്ദേഹം യുക്രെയ്‌നെയും പാശ്ചാത്യ ശക്തികളെയും പരമാവധി പിണക്കാന്‍ ചരടു വലിച്ചിരുന്നു.
ഇപ്പോള്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ അമേരിക്കയും നാറ്റോയും യുക്രെയ്ന്‍ ഭരണകൂടത്തിന് സഹായം നല്‍കുന്നുണ്ടെന്ന സംശയം കൂടിയാണ് റഷ്യയെ അതിര്‍ത്തിയില്‍ പടയൊരുക്കത്തിന് പ്രേരിപ്പിക്കുന്നത്. യുക്രെയ്‌നില്‍ നാറ്റോ സൈനിക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതും പുടിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതോടൊപ്പം നാറ്റോ അംഗത്വത്തിന് യുക്രെയ്ന്‍ നടത്തുന്ന നീക്കങ്ങളും റഷ്യക്ക് രുചിച്ചിട്ടില്ല. സുരക്ഷാ താല്‍പര്യങ്ങളാണ് അതിര്‍ത്തിയിലെ പടയൊരുക്കങ്ങള്‍ക്ക് കാരണമായി റഷ്യ ചൂണ്ടിക്കാട്ടുന്നത്. മേഖലയുടെ സുരക്ഷ അപകടപ്പെടുത്തുന്ന നീക്കങ്ങളാണ് നാറ്റോ നടത്തുന്നതെന്ന് അവര്‍ ആരോപിക്കുന്നു.
ഇപ്പോള്‍ മേഖലയില്‍ പുകയുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം പാശ്ചാത്യ ശക്തികളാണെന്നാണ് റഷ്യയുടെ പരാതി. യുക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കരുതെന്നും എത്രയും വേഗം കിഴക്കന്‍ യൂറോപ്പില്‍നിന്ന് നാറ്റോ സേനയെ പിന്‍വലിക്കണമെന്നുമാണ് റഷ്യന്‍ ഭരണകൂടത്തിന്റെ പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ ഇപ്പോഴല്ലെങ്കില്‍ മറ്റൊരവസരത്തില്‍ യുക്രെയ്ന്‍ കീഴടക്കണമെന്ന് പുടിന്‍ ആഗ്രഹിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ നാറ്റോ സേനാ പിന്മാറ്റം യുക്രെയ്‌നെ ചെന്നായക്ക് വിട്ടുകൊടുക്കുന്നതിന് തുല്യമാണെന്ന് പാശ്ചാത്യ ശക്തികള്‍ക്ക് അറിയാം. സായുധമായി ഏറ്റുമുട്ടാന്‍ നില്‍ക്കാതെ തല്‍ക്കാലം പിന്‍വലിയണമെന്ന് റഷ്യക്കും മോഹമുണ്ട്. ഏതായാലും തടികേടാകുമെന്നതുകൊണ്ട് അനുരഞ്ജനത്തിലേക്ക് നീങ്ങുകയാണ് എല്ലാവര്‍ക്കും നല്ലത്.