പി. അബ്ദുല്‍ ലത്തീഫ്
കോഴിക്കോട്
കേരളത്തില്‍ ആദിവാസി ഊരുകളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധം. മാവോവാദി ഭീഷണി തടയാന്‍ എന്ന പേരിലാണ് വിലക്ക്. പ്രത്യേക അനുമതിയോടെ മാത്രമെ പട്ടിക വര്‍ഗ കോളനികളില്‍ സന്ദര്‍ശനം അനുമതിക്കൂവെന്ന് പട്ടിക വര്‍ഗ വികസന വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഊരുകളില്‍ വീഡിയോഗ്രഫിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പട്ടിക വര്‍ഗ വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഷൂമിന്‍ എസ് ബാബുവാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. നവകേരളമെന്ന് ഇടതുസര്‍ക്കാര്‍ മേനി നടിക്കുന്ന സമയത്താണ് ഇത്തരം ഉത്തരുവകളുണ്ടാവുന്നതെന്നത് അപഹാസ്യമാണെന്നാണ് വിമര്‍ശനം.
അതേസമയം മാവോവാദി ഭീഷണിയെന്നത് പുകമറ മാത്രമാണെന്നും ഊരുകളിലെ ശോച്യാവസ്ഥയും സങ്കടങ്ങളും അധികൃതര്‍ നടത്തിയ അഴിമതിയും പുറത്തറിയാതിരിക്കലാണ് ഉത്തരവിന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സാമൂഹിക-സന്നദ്ധ പ്രവര്‍ത്തകര്‍, ഗവേഷകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കോളനികളില്‍ സന്ദര്‍ശനം നടത്തി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഇതര എന്‍.ജി.ഒകളുടെ സഹായങ്ങളും കോളനികളിലെ ജനങ്ങള്‍ക്ക് ആശ്വാസമാണ്. ആദിവാസി കോളനികളിലെ ശോച്യാവസ്ഥയും അവിടങ്ങളില്‍ നടന്ന ക്രമക്കേടുകളും അഴിമതികളും പുറംലോകമറിഞ്ഞത് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയാണ്. സത്യാവസ്ഥ പുറംലോകമറിയരുതെന്ന ലക്ഷ്യം മാത്രമാണ് ഉത്തരവിന് പിന്നിലുള്ളതെന്ന് ആദിവാസി സംഘടനകള്‍ ഉള്‍പ്പെടെ പറയുന്നുണ്ട്. വീഡിയോഗ്രഫിക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ നിന്ന് അധികൃതരുടെ ഉദ്ദേശ്യം വ്യക്തമാണ്.
കേരളത്തിലെ ആദിവാസി കോളനികളില്‍ മാവോവാദികള്‍ക്ക് ഒരിക്കലും കാലുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസി കോളനികളില്‍ മാവോവാദികളെ പിടിച്ച ചരിത്രവുമില്ല. ഈ സാഹചര്യത്തില്‍ ഊരുകളിലെ ദൈന്യതയും അധികൃതര്‍ നടത്തിയ അഴിമതിയും ഒളിപ്പിക്കാനുള്ള വിദ്യ മാത്രമാണ് ഉത്തരവ് എന്നാണ് വിലയിരുത്തപ്പെടുന്നത്.