X

അബുദാബിയിലെ സമ്മേളനത്തില്‍ സ്മിത മേനോന്‍ പങ്കെടുത്തത് വി മുരളീധരന്റെ പ്രത്യേക താത്പര്യ പ്രകാരം

തിരുവനന്തപുരം: യുഎഇയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഒപ്പം പങ്കെടുത്ത സ്മിത മേനോനെ ചൊല്ലി വിവാദം വീണ്ടും ചൂടുപിടിക്കുന്നു. സ്മിത സമ്മേളനത്തില്‍ പങ്കെടുത്തത് മന്ത്രിയുടെ പ്രത്യേക താത്പര്യ പ്രകാരമാണ് എന്നാണ് വെളിപ്പെടുത്തല്‍.

നേരത്തെ സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. അണ്ടര്‍ സെക്രട്ടറി അരുണ്‍ കെ ചാറ്റര്‍ജിയോട് ഇതു സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിഎംഒ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പിആര്‍ ഏജന്റ് ആയാണ് സമിത സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ളത്. എന്നാല്‍ ഇങ്ങനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ വിദേശകാര്യമന്ത്രലയത്തിന്റെ പ്രത്യേക അനുമതി വേണം. അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളുടെ പട്ടികയില്‍ സ്മിത മേനോന്റെ പേരില്ല. അനുമതി ലഭിക്കാതെയാണ് സ്മിത പങ്കെടുത്തത് എന്ന വ്യക്തം.

2019 നവംബറിലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ അബുദാബിയിലെ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്. അടുത്തിടെ പ്രഖ്യാപിച്ച മഹിളാ മോര്‍ച്ച ഭാരവാഹി പട്ടികയില്‍ സ്മിതമേനോനെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായും തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കുറിച്ചുള്ള വിവാദം കൊഴുത്തത്.

പിആര്‍ ഏജന്‍സിയുടെ പ്രതിനിധിയെന്ന നിലയില്‍ മന്ത്രിയുടെ അനുമതിയോടെയാണ് താന്‍ പങ്കെടുത്തത് എന്നാണ് സ്മിത മേനോന്‍ പറയുന്നത്. സ്വന്തം ചെലവിലാണ് കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോയത് എന്നും പിആര്‍ മാധ്യമപ്രവര്‍ത്തക എന്ന നിലയിലാണ് പങ്കെടുത്തത് എന്നും അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ പിആര്‍ പ്രൊഫഷണലുകള്‍ ഒന്നും പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി പറയുന്നു.

കൊച്ചിയിലെ പിആര്‍ ഏജന്‍സി മാനേജറാണ് സ്മിത മേനോന്‍. ശാസ്ത്ര, ബിസിനസ് കോണ്‍ഫറന്‍സുകള്‍ക്കുള്ള പബ്ലിക് റിലേഷന്‍ ജോലികളാണ് ഇവരുടെ കമ്പനി നടത്താറുള്ളത്.

Test User: