റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: അനാഥനും ബഹുതല ഭിന്നശേഷിക്കാരനുമായ യുവാവിന് വീടൊരുക്കി മാതൃകയായിരിക്കുകയാണ് പടിഞ്ഞാറ്റുമുറിയിലെ ജീവകാരുണ്യ സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ ശിഹാബ് തങ്ങൾസ് മോണ്യൂമെന്റ് ഫോർ അഡോപ് റിലീഫ് ട്രീറ്റ്മെന്റ് (സ്മാർട്ട് ).
കൂട്ടിലങ്ങാടി പാറടിയിൽ താമസിക്കുന്ന നൂറു ശതമാനം മൾട്ടിപ്പിൾ ഡിസബിലിറ്റിയുള്ള പരേതനായ പാറമ്മൽ കൊച്ചുണ്ണിയുടെ മകൻ 32 കാരനായ റിയാസിനാണ് സ്മാർട്ടിന്റെ കാരുണ്യ ഭവനം ഒരുങ്ങിയിട്ടുള്ളത്.
മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റിയുടെ എല്ലാ അവശതകളോടും കൂടിയായിരുന്നു റിയാസിന്റെ ജനനം. തന്റെ ആവശ്യങ്ങള്‍ അറിയിക്കണമെങ്കില്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല ആംഗ്യം പോലും സാധ്യമാകാത്ത തരത്തിലുള്ള അവശതയും ശാരീരിക ബുദ്ധിമുട്ടുകളും. ഏതാവശ്യത്തിനും വലിയ അലര്‍ച്ചകളിലൂടെ മാത്രം പ്രതികരണം. വസ്ത്രം ധരിക്കാന്‍ ശീലിക്കാത്തതിനാല്‍ ഈ 32 ആം വയസ്സിലും ഊരിയെറിയുന്ന പ്രകൃതം, നടക്കാനാകാത്ത കാലുകള്‍, വായിലെത്തിക്കുന്ന ഭക്ഷണം മാത്രം ആഹരിക്കാന്‍ കഴിയുന്ന രീതി . ഓടിട്ട വീടിന്റെ വരാന്തയിലിട്ട മരപ്പടിയില്‍ ഒതുങ്ങിയിരുന്നു അവന്റെ ജീവിതം.
പിതാവ് നേരത്തെ മരണപ്പെട്ട റിയാസിന്റെ മുഴുവൻ തണലായിരുന്ന മാതാവും കൂടി 8 വർഷം മുമ്പ് വിട പറഞ്ഞതോടെ ഭാവി ചോദ്യചിഹ്നമായി. വിദ്യാർത്ഥികളായ ഒരു സഹോദരനും സഹോദരിയുമായിരുന്നു വീട്ടിൽ അവശേഷിച്ചിരുന്നത്.
റിയാസിനെ ഏറ്റെടുക്കാന്‍ ആളില്ലാതിരുന്ന സമയത്താണ് സ്മാര്‍ട്ട് പ്രവർത്തകരുടെ കരങ്ങള്‍ റിയാസിന് തണലേകാനിറങ്ങിത്തിരിച്ചത്. നാട്ടുകാരെക്കൂട്ടി കേരളത്തിലെ പല കെയർ സെന്ററുകളും സദനങ്ങളും കയറിയിറങ്ങിയെങ്കിലും റിയാസിന്റെ അവസ്ഥ കണ്ടപ്പോൾ അവർക്കെല്ലാം ഏറ്റെടുക്കാന്‍ പ്രയാസം. അവസാനം വടകരയിലെ തണൽ എന്ന സന്നദ്ധ സംഘടന നിബന്ധനകളോടെ ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും റിയാസിന്റെ അമ്മാവനും കുടുംബവും സംരക്ഷണ ചുമതല ഏറ്റെടുക്കാൻ മുന്നോട്ട് വന്നതോടെ പുനരധിവാസത്തെക്കുറിച്ചായിരുന്നു പിന്നീട് സ്മാർട്ടിന്റ ചിന്ത.
കാലപ്പഴക്കം കാരണം ജീർണ്ണിച്ച് തകർന്ന് വീഴാറായ ഓടിട്ട വീട് പൊളിച്ച് പുതിയ ബൈത്തുറഹ്മ നിർമ്മിച്ചു നൽകാൻ സ്മാർട്ട് തീരുമാനമെടുക്കുകയും വീടിന്റെ ഓരോ നിർമ്മാണ ഘട്ടങ്ങളിലും സ്മാർട്ട് വളണ്ടിയർമാരുടെ കൈയ് മെയ് മറന്ന സേവന പ്രവർത്തനങ്ങളിലൂടെ റിയാസിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ പ്രത്യേക മുറിയുൾപ്പെട്ട വീട് നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു.
ബൈത്തുറഹ്മയുടെ സമർപ്പണം ഏപ്രിൽ 3 ന് ഉച്ചക്ക് 2 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.