സ്മാര്‍ട്ട് സിറ്റിയുടെ അഴിമതിപ്പണം സര്‍ക്കാര്‍ നല്‍കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. മുഖ്യമന്ത്രി പറയുന്നതു പോലെ മൂല്യം കണക്കാക്കി ദുബൈ കമ്പനിയ്ക്ക് ഓഹരി വില നല്‍കി കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി ഏറ്റെടുക്കുമ്പോള്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖര്‍ കൈപ്പറ്റിയ അഴിമതിപ്പണവും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭൂമികച്ചവടത്തിലെ അഴിമതിപ്പണം കമ്പനിയുടെ മൂലധന ചെലവില്‍ പെടും. തുച്ഛമായ വിലയ്ക്ക് 246 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈമാറിയപ്പോള്‍ സ്മാര്‍ട്ട് സിറ്റി സംയുക്ത സംരംഭത്തില്‍ സര്‍ക്കാരിന്റെ ഓഹരിയായി 16 ശതമാനം മാത്രമാണുള്ളത്. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടം പോലും പൂര്‍ത്തിയാക്കാത്ത ദുബൈ കമ്പനിയുടെ ഓഹരി വിഹിതം 84 ശതമാനമാണ്. സര്‍ക്കാര്‍ ഓഹരിയുടെ ആറിരട്ടിയിലധികം.
കമ്പനിയുടെ ഓഹരി മൂല്യം 2011-ലെ കരാര്‍ കാലത്തെ സാങ്കല്പിക വിലയാണോ ഇപ്പോഴത്തെ കമ്പോള വിലയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. സ്മാര്‍ട്ട് സിറ്റി ഏറ്റെടുക്കുമ്പോള്‍ നിശ്ചയിക്കുന്ന പുതിയ വില പുതിയ അഴിമതിയ്ക്ക് വഴി തെളിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടികാട്ടി.
സര്‍ക്കാര്‍ വക ഭൂമി തിരിച്ചെടുക്കാന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് ഭീമമായ തുക മുടക്കേണ്ട ദുരവസ്ഥയാണിപ്പോള്‍. അഴിമതി ലക്ഷ്യമാക്കി വീണ്ടു വിചാരമില്ലാതെ എടുത്തു ചാടിയ അന്നത്തെ ഭരണാധികാരികളെ രാജ്യദ്രോഹികളായി കണക്കാക്കേണ്ടിവരും. സ്വപ്നപദ്ധതികള്‍ എന്ന പേരില്‍ പാഴായ അഴിമതി പദ്ധതികളാണ് ശ്രീലങ്കയുടെ തകര്‍ച്ചയ്ക്ക് കാരണം. ഇതിന് സമാനമാണ് കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.