X

ഷാര്‍ജയില്‍ സ്മാര്‍ട്ട് ബസുകള്‍ക്ക് വന്‍ സ്വീകാരം

 

സ്മാര്‍ട്ട് ഫോണ്‍ ലാപ് ടോപ് ചാര്‍ജ് ചെയ്യാന്‍ സൗകര്യം, വായനക്ക് വേണ്ടി സീറ്റോടു ചേര്‍ന്ന് ലൈറ്റ്, സുഖപ്രദമായ സീറ്റ്, തീ, പുക ഡിറ്റക്ടര്‍…
ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട്് അഥോറിറ്റി (എസ്ആര്‍ടിഎ) നിരത്തിലിറക്കിയ സ്മാര്‍ട്ട് ബസുകള്‍ക്ക് വന്‍ സ്വീകാര്യത. ലക്ഷ്വറി കാറുകളില്‍ മാത്രം ലഭ്യമായിരുന്ന അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ലൈന്‍ മാനേജ്‌മെന്റ് സിസ്റ്റത്തോട് കൂടിയ സ്മാര്‍ട്ട് ബസുകള്‍ സുഖകരവും സുരക്ഷിതവുമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. സ്മാര്‍ട്ട് ബസ് യാത്രയില്‍ യാത്രക്കാരും ഹാപ്പി.
അയല്‍ എമിറേറ്റുകളിലേക്കുള്ള യാത്രക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചിരുന്ന നിരവധി പേര്‍ ഇതിനകം യാത്ര സ്മാര്‍ട് ബസിലേക്ക് മാറ്റി. ആദ്യ ഘട്ടമായി 10 സ്മാര്‍ട്ട് ബസുകളാണ് എസ്ആര്‍ടിഎ നിരത്തിലിറക്കിയത്. ഓരോ ബസിനും 10 ലക്ഷത്തിലധികം ദിര്‍ഹം ചെലവഴിച്ചു. രാജ്യത്തെ പൊതുഗതാഗത രംഗത്ത് ആദ്യമായി സ്മാര്‍ട് ബസുകള്‍ അവതരിപ്പിച്ചു എന്ന നേട്ടവും ഇതോടെ എസ്ആര്‍ടിഎ സ്വന്തമാക്കി. നിലവില്‍ ഇതര എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ദീര്‍ഘ ദൂര റൂട്ടുകളിലാണ് സ്മാര്‍ട് ബസുകള്‍ ഓടുന്നത്.
48 വീതം സീറ്റുകളാണ് സംവിധാനിച്ചിരിക്കുന്നത്. ഏറ്റവും മികച്ച സൗകര്യങ്ങള്‍ ബസില്‍ ലഭ്യമാണ്. അപകടങ്ങള്‍ക്കിടയാകുന്ന സന്ദര്‍ഭങ്ങളില്‍ സ്വയം നിയന്ത്രിക്കുന്നതും അലാറം മുഴക്കുന്നതുമായ സംവിധാനങ്ങള്‍ സ്മാര്‍ട്ട് ബസിന്റെ ഏറ്റവും മികച്ച സവിശേഷതയാണ്. നേരത്തെ, ഇത് ലക്ഷ്വറി കാറുകളിലാണ് ലഭ്യമായിരുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ലൈന്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി മുന്നിലെ വാഹനവുമായുള്ള കൂട്ടിയിടി പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. ഇത്തരം സന്ദര്‍ഭങ്ങളില്‍ സിസ്റ്റം സ്വയം പ്രവര്‍ത്തിച്ച് ബസിന്റെ വേഗം കുറക്കുന്നു. മുന്നിലെ വാഹനവുമായി നിശ്ചിത അകലം പാലിക്കാതെയാണ് െ്രെഡവര്‍ ബസ് ഓടിക്കുന്നതെങ്കില്‍ അപകട മണി മുഴങ്ങും. സിഗ്‌നല്‍ ലൈറ്റ് പ്രവര്‍ത്തിപ്പിക്കാതെ ലൈന്‍ മാറാന്‍ ശ്രമിച്ചാലും അലാറം ശബ്ദിക്കും.
സുരക്ഷിത യാത്രക്ക് ഏറെ മുന്‍ഗണന നല്‍കുന്നതാണ് സ്മാര്‍ട്ട് ബസുകള്‍. ഓരോ ബസിലും നാല് സുരക്ഷാ കാമറകളുണ്ട്. കൂടാതെ, പിന്‍വശ കാമറയും തീ, പുക ഡിറ്റക്ടറുകളും സ്മാര്‍ട് ബസിന്റെ പ്രത്യേകതയാണ്. കൂടുതല്‍ സ്മാര്‍ട്ട് ബസുകള്‍ പുറത്തിറക്കാനും എസ്ആര്‍ടിഎക്ക് പദ്ധതിയുണ്ട്. ദിവസവും 20,000ത്തിലധികം യാത്രക്കാരാണ് ഷാര്‍ജയില്‍ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നത്.

chandrika: