ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തില്‍ രാജ്യത്ത് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2.55 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16.39 ശതമാനമാണ് രാജ്യത്തെ കോവിഡ് രോഗസ്ഥിരീകരണ നിരക്ക്. 614 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,90,462 ആയി. രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് അനുസരിച്ച് മരണനിരക്കിലും വര്‍ധനവുണ്ട്. രോഗമുക്തി നിരക്ക് 93.15 ശതമാനമായി ഉയരുകയും ചെയ്തിട്ടുണ്ട്.
കര്‍ണാടക, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്. തിരുവനന്തപുരത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം പ്രധാന നഗരങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുകയാണ്. ഡല്‍ഹിയില്‍ ഒരിടവേളയ്ക്കു ശേഷം പ്രതിദിന കോവിഡ് കേസുകള്‍ 10,000ത്തിന് താഴെ എത്തി. അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം ഫെബ്രുവരി പകുതിയോടെ കുറയുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഫെബ്രുവരി 15 ഓടെ രോഗികളുടെ എണ്ണം കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി പറയുന്നു. ചില മെട്രോ നഗരങ്ങളില്‍ കേസുകള്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ രോഗവ്യാപന തോത് കാണിക്കുന്ന ആര്‍ മൂല്യം ജനുവരി ആദ്യ ആഴ്ച്ചയേക്കാള്‍ കുറഞ്ഞതായി മദ്രാസ് ഐഐടി നടത്തിയ പഠനത്തില്‍ കണ്ടെത്തി. മദ്രാസ് ഐഐടിയുടെ പഠന പ്രകാരം 2.2 ആയിരുന്ന ആര്‍ നോട്ട് 1.57 ആയാണ് കുറഞ്ഞത്. ഈ നിരക്ക് ഒന്നിന് താഴെ എത്തിയാല്‍ വ്യാപനം കുറഞ്ഞെന്ന് കണക്കാക്കും. ഡല്‍ഹിയില്‍ 0.98, മുംബൈയില്‍ 0.67, ചെന്നൈയില്‍ 1.2, കൊല്‍ക്കത്തയില്‍ 0.56 എന്നിങ്ങനെയാണ് ആര്‍ വാല്യു. വരുന്ന രണ്ടാഴ്ചയ്ക്കകം കോവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. അതിനു ശേഷം വ്യാപനം കുറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
മുംബൈയില്‍ ജനിതക ശ്രേണീകരണ സാമ്പിളുകളില്‍ 88 ശതമാനവും ഒമിക്രോണ്‍
മുംബൈ: മുംബൈയില്‍ പുതിയ കോവിഡ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ ജനിതക ശ്രേണീകരണത്തിന് അയക്കുന്ന സാമ്പിളുകളില്‍ 88 ശതമാനവും ഒമിക്രോണ്‍. 24 മണിക്കൂറിനിടെ കസ്തൂര്‍ബ ഗാന്ധി ആശുപത്രിയില്‍ ജനിതക പരിശോധന നടത്തിയ 363 സാമ്പിളുകളില്‍ 320 കേസുകളാണ് ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. 30 ശതമാനത്തോളം ഡെല്‍റ്റ വകഭേദമാണെന്നും ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഒമിക്രോണ്‍ രാജ്യത്തെ വന്‍ നഗരങ്ങളില്‍ സാമൂഹിക വ്യാപനത്തിന്റെ വക്കിലാണെന്ന ഇന്‍സാകോഗിന്റെ മുന്നറിയിപ്പ് ശരിവെക്കും വിധത്തിലുള്ളതാണ് മുംബൈയിലെ ജനതിക ശ്രേണീകരണ പരിശോധനാ ഫലങ്ങള്‍.