ഭൂമിയുടെന്യായവില കേരളത്തില്‍ തോന്നിയപോലെ കൂട്ടിയത് ജനത്തെ വലയ്ക്കുന്നു. വിപണിവിലയേക്കാള്‍ പല സര്‍വേ നമ്പരുകളിലും കൂടിയ വില വന്നതോടെ വലിയ പണച്ചെലവാണ് രജിസ്‌ട്രേഷന് വേണ്ടിവരുന്നത്.
റവന്യൂ വകുപ്പിലെ ചില ഉദേ്യാഗസ്ഥരുടെ കൈപ്പിഴവാണിതിന് കാരണം. മഞ്ചേരി-നറുകര വില്ലേജുകളിലെ ജനങ്ങള്‍ ഭൂമി രജിസ്‌്രേടഷന് നല്‍കേണ്ടി വരുന്നത് വലിയ വില. സംസ്ഥാനത്തെങ്ങുമില്ലാത്ത തരത്തിലാണ് ഭൂമിയുടെ ന്യായ വില ഇവിടെ തീരുമാനിച്ച് വിജ്ഞാപനം ചെയ്തത്. ഇത് തിരുത്താന്‍ ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും ഫയല്‍ ഇപ്പോഴും രജിസ്‌ട്രേഷന്‍ ഐജിയുടെ മേശപ്പുറത്ത്. സംസ്ഥാന ലാന്റ് റവന്യൂ കമ്മീഷണറുടെ ദയക്ക് കാത്തിരിക്കുകയാണ് രണ്ടുവില്ലേജുകളിലെയും ജനങ്ങള്‍. എന്തുകൊണ്ട് തെറ്റായ ഉത്തരവിറക്കിയെന്ന് രജിസ്‌ട്രേഷന്‍ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കാത്തിരിക്കുകയാണ് ലാന്റ് റവന്യൂ കമ്മീഷണര്‍. റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറാകാതെ ഫയല്‍ രജിസ്‌ട്രേഷന്‍ ഐജി പിടിച്ചുവെച്ചിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. കോടതി അലക്ഷ്യത്തിന് വീണ്ടും ഹൈക്കോടതിയ സമീപിക്കുമെന്ന് പറഞ്ഞിട്ടും കുലുക്കമില്ലാതെയിരിക്കുകയാണ് റവന്യൂ-രജിസട്രേഷന്‍ വകുപ്പുകളുടെ തലവന്‍മാര്‍.
2010ലാണ് ഭൂമിയുടെ ന്യായ വില നിശ്ചയിച്ച് സംസ്ഥാനത്ത് വിജ്ഞാപനം ചെയ്തത്. അന്ന് മഞ്ചേരി, നറുകര വില്ലേജുകളില്‍ ഇതിന്റെ ചുമതലയിലുണ്ടായിരുന്ന ഏറനാട് തഹസില്‍ദാറും, മഞ്ചേരി, നറുകര വില്ലേജ് ഓഫിസര്‍മാരും അടങ്ങിയ ഉദേ്യാഗസ്ഥരാണ് ഒരു പഠനവും നടത്താതെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെ ഭൂമിക്ക് അന്യായ വില നിശ്ചയിച്ചത്. ഈ വില അടിസ്ഥനമാക്കിയാണ് രജിസ്‌ട്രേഷന്‍ വകുപ്പ് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ ഫീസ് കണക്കാക്കുന്നത്. ഉദേ്യാഗസ്ഥര്‍ക്ക് പറ്റിയ കൈപിഴക്ക് സംസ്ഥാനത്തെ മറ്റു ഒരു വില്ലേജുകളിലും ഇല്ലാത്ത തരത്തില്‍ വന്‍ ഫീസ് നല്‍കേണ്ട ഗതികേടിലാണ് മഞ്ചേരിക്കാര്‍. ന്യായ വില നിശ്ചയിച്ചതിലെ അപകാതക്കെതിരെ അന്നുതന്നെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. പരാതിയും നല്‍കി. പരിഹരിക്കാമെന്ന് പറയുകയല്ലാതെ നടപടിയുണ്ടായില്ല. പിന്നീട് ഇതിനെതിരെ സാമൂഹ്യ പ്രവര്‍ത്തകനും മഞ്ചേരിയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ.എന്‍.കെ.യഹ്‌യ 2014ല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രദേശത്തെ ജനപ്രതിനിധികളും പൊതുജനങ്ങളും പിന്തുണയും നല്‍കി.
2010ല്‍ ന്യായ വില നിശ്ചയിച്ചതില്‍ ഉദേ്യാഗസ്ഥര്‍ക്ക് പിഴവ് പറ്റിയെന്ന് ഹൈക്കോടതി കണ്ടെത്തി. തുടര്‍ന്ന് ഇത് പരിഹരിക്കുവാനും ന്യായ വില പുനര്‍നിര്‍ണയിക്കുവാനും 2017ല്‍ കോടതി വിധിച്ചു. കോടതി വിധി വന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് 2019ലാണ് കോടതി വിധിയെ തുടര്‍ന്നുള്ള ന്യായ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്തത്. തുടര്‍ന്ന് 2019 മുതല്‍ പുനര്‍നിര്‍ണയിച്ച ഭൂമിയുടെ ന്യായ വിലയില്‍ ഭൂമി രജിസ്‌ട്രേഷന്‍ നടത്തി. മറ്റു വില്ലേജുകളിലെ പോലെ തന്നെ മഞ്ചേരി, നറുകര വില്ലേജുകളിലും രജിസ്‌ട്രേഷന്‍ സാധാ നിലയിലായി. എന്നാല്‍ 2022 ഫെബ്രുവരി 16ന് മലപ്പുറം രജിസ്ട്രാര്‍ ഒരു വിചിത്ര ഉത്തരവിറക്കി. ധനമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിന്റെ ചുവടു പിടിച്ചായിരുന്നു അത്. സര്‍ക്കാരില്‍ നിന്നും ഒരു നിര്‍ദേശവും ഇല്ലാതെ തന്നെ ജില്ലാ രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവില്‍ 2010 മുതലുള്ള എല്ലാ വര്‍ധനവും മഞ്ചേരിക്കും നറുകരക്കും ബാധകമാക്കിയായിരുന്നു ഉത്തരവ്. സര്‍ക്കാര്‍ ബജറ്റുകളില്‍ നിര്‍ദേശിക്കുന്ന വര്‍ദ്ധനവ് മഞ്ചേരിക്കും, നറുകരക്കും 2019ല്‍ ഗസ്റ്റ് വിജ്ഞാപനത്തില്‍ പറഞ്ഞ ന്യായവിലയോടൊപ്പമാണ് വര്‍ധിപ്പിക്കേണ്ടത്. എന്നാല്‍ ജില്ലാ രജിസ്ട്രാര്‍ നല്‍കിയ ഉത്തരവില്‍ 2010ല്‍ തെറ്റായി തീരുമാനിച്ച ഭൂമിയുടെ ന്യായവിലക്കൊപ്പം വര്‍ധിപ്പിക്കുവാനാണ് നിര്‍ദേശിച്ചത്. ഇതോടെ 2022 ഫെബ്രുവരി മുതല്‍ 200 ശതമാനം വര്‍ധനവാണ് മഞ്ചേരി, നറുകര വില്ലേജുകളിലുള്ളവര്‍ക്ക് ബാധകമായത്. പ്രതിസന്ധിയിലായത് അഞ്ചു സെന്റും, പത്തുസെന്റും രജിസ്റ്റര്‍ ചെയ്യാനായി കാത്തിരുന്ന പാവങ്ങള്‍.
മറ്റു വില്ലേജുകളില്‍ ഒരു സെന്റിന് 5000 രൂപ വരെ ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ പരമാവധി ഫീസ് വേണ്ടിടത്ത് മഞ്ചേരി നറുകര വില്ലേജുകളിലുള്ളവര്‍ ഒരു സെന്റ് സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ 25,000 മുതല്‍ 35,000 രൂപ വരെ നല്‍കേണ്ട അവസ്ഥയുണ്ടായി. ഈ വില്ലേജുകളിലെ കുന്നിന്‍ പ്രദേശത്ത് പോലും ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കേണ്ട അവസ്ഥയിലാണുള്ളത്. 2022ലെ ജില്ലാ രജിസ്ട്രാറുടെ ഉത്തരവിനെതിരെ അഡ്വ.എന്‍.കെ യഹ്‌യ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കോടതി വിഷയത്തില്‍ ഇടപെടുകയും 2022 മാര്‍ച്ചില്‍ ഈ ഉത്തരവ് സംബന്ധിച്ച് വിശദീകരണം നല്‍കുവാനും അപകാത പരിഹരിക്കാനും നിര്‍ദേശിച്ചു. അപാകത പരിഹരിച്ച് ഉത്തരവിറക്കേണ്ടത് റവന്യൂ ലാന്റ് കമ്മീഷണറാണ്. മലപ്പുറം രജിസ്ട്രാര്‍ ഉയര്‍ന്ന ന്യായ വില 2010മുതല്‍ ബാധമാക്കി ഇറടക്കിയ ഉത്തരവിന് കാരണം അനേ്വഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രജിസ്‌ട്രേഷന്‍ ഐജിക്ക് നിര്‍ദേശം നല്‍കി ഫയല്‍ അയച്ചു. രജിസ്‌ട്രേഷന്‍ ഐജിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് അപാകത നീക്കികൊണ്ടുള്ള ഉത്തരവ് ഇറക്കാന്‍ സാധിക്കൂ. എന്നാല്‍ 2023 മെയ് മാസമായിട്ടും രജിസ്‌്രേടഷന്‍ ഐജി റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിക്കുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ ഹൈക്കോടതിയെ വീണ്ടും സമീപിക്കാനിരിക്കുകയാണ് അഡ്വ.എന്‍.കെ.യഹ്‌യ.