ന്യൂഡല്‍ഹി: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെതിരെ സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ രംഗത്ത്. സെന്‍കുമാറിന്റെ സംഘപരിവാര്‍ അനുകൂല പരാമര്‍ശങ്ങളില്‍ കടുത്ത നിരാശയും, വേദനയുമുണ്ട്. നിലപാട് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തിനുവേണ്ടി ഹാജരാകില്ലായിരുന്നുവെന്നും ദവെ പറഞ്ഞു.
സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തു തിരിച്ചെത്തിക്കുന്നതിനായി ദുഷ്യന്ത് ദവെയാണു സുപ്രീം കോടതിയില്‍ ഹാജരായിരുന്നത്. വളരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന, രാഷ്ട്രീയത്തിന് അതീതനായ ഉദ്യോഗസ്ഥനാണെന്നായിരുന്നു തന്റെ ധാരണ. അതിനാലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്നു മാറ്റിയതെന്നും കരുതി. അതുകൊണ്ടാണ് അദ്ദേഹത്തിനുവേണ്ടി ഹാജരായത്. നീതിക്കുവേണ്ടിയുള്ള പോരാട്ടമെന്നു കരുതിയാണു പണം വാങ്ങാതെ പ്രതികരിച്ചത്. എന്നാല്‍, രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണെന്നിപ്പോഴാണു മനസിലായതെന്നും ദവെ പറഞ്ഞു.
ഭീകര സംഘടനയായ ഐഎസും ആര്‍എസ്എസും താരതമ്യപ്പെടുത്താനാവില്ലെന്നും കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും, സംസ്ഥാനത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുവെന്നും സെന്‍കുമാര്‍ ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐഎസും ആര്‍എസ്എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്്‌ലിമിന് സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ് നടത്തിയേ പറ്റൂ എന്ന് പഠിപ്പിക്കുകയും, ആ ജിഹാദ് എന്നത് മറ്റുള്ള മതക്കാരെ മുസ്്‌ലിമാക്കുകയും അമുസ്്‌ലിംകളെ കൊന്നുകളയുകയുമാണ് എന്നും പറയുന്നിടത്താണ് പ്രശ്‌നം വരുന്നതെന്നുമാണ് സെന്‍കുമാര്‍ പറഞ്ഞത്. പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റംസാന്‍ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ താന്‍ ഈയിടെ കണ്ടു. അത്തരം പ്രസംഗങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇങ്ങനെ പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ശേഷിക്കുന്നവരുടെ നിലപാട് മാറ്റാന്‍ ശ്രമിക്കണമെന്നും സെന്‍കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കേരളത്തില്‍ മുസ്്‌ലീം കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്ന് പറഞ്ഞ സെന്‍കുമാര്‍ അതില്‍ ആശങ്കയും പ്രകടിപ്പിച്ചു.
- 7 years ago
chandrika
Categories:
Video Stories
‘മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കില്‍ കോടതിയില്‍ ഹാജരാവുമായിരുന്നില്ല’;
Tags: tp senkumar