കൊല്‍ക്കത്ത: ഇന്ത്യ ഇന്ത്യയായി-ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിവസം…! പക്ഷേ ആദ്യ രണ്ട് ദിനങ്ങള്‍ മഴയില്‍ കുതിര്‍ന്ന മല്‍സരത്തിന്റെ അന്ത്യദിനത്തിലും പ്രകൃതി കനിഞ്ഞില്ല. വെളിച്ചക്കുറവ് കാരണം കളി നേരത്തെ അവസാനിപ്പിക്കുമ്പോള്‍ ശ്രീലങ്ക തോല്‍വിയുടെ വക്കത്തായിരുന്നു. ആകാശത്തോട് നന്ദി പറഞ്ഞ് അവര്‍ തട്ടിമുട്ടി മാനം കാത്തു. പോരാട്ടം സമനിലയിലായി. വിരാത് കോലിയെന്ന സൂപ്പര്‍ നായകന്റെ തട്ടുപൊളിപ്പന്‍ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് എട്ട് വിക്കറ്റിന് 352 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുമ്പോള്‍ സന്ദര്‍ശകരും വിജയവും തമ്മിലുള്ള അകലം 231 റണ്‍സായിരുന്നു. അര ദിവസത്തില്‍ തികച്ചും അപ്രാപ്യമായ സ്‌ക്കോര്‍. ദിനേശ് ചണ്ഡിമലിന്റെ സംഘം ആ ലക്ഷ്യത്തിലേക്ക് ബാറ്റേന്താന്‍ ശ്രമിച്ചില്ല. പകരം തട്ടിമുട്ടി സമയം കളയാനായിരുന്നു തീരുമാനം. പക്ഷേ ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും ഉമേഷ് യാദവും പേസ് ബൗളിംഗിന്റെ സുന്ദരമായ തലങ്ങളിലുടെ ലങ്കന്‍ ബാറ്റ്‌സ്മാന്മാരെ വിറപ്പിച്ചു. ഒന്നിന് പിറകെ ഒന്നായി ഏഴ് വിക്കറ്റുകള്‍ നിലം പതിക്കുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡില്‍ 75 റണ്‍സ് മാത്രം. നാടകീയമായി വിജയത്തിനരികിലേക്ക് ഇന്ത്യ നീങ്ങവെ ഭുവനേശ്വറും ഷമിയും ഉമേഷുമെല്ലാം അതിവേഗം സ്വന്തം ബൗളിംഗ് എന്‍ഡിലേക്ക് തിരിച്ചെത്തി അതിവേഗതയില്‍ പന്തെറിഞ്ഞു. പക്ഷേ ലങ്കക്കാര്‍ വിട്ടുകൊടുക്കാന്‍ ഭാമവില്ലാത്തത് പോലെ തട്ടിമുട്ടി സമയം കൊന്നു. പലവട്ടം അവര്‍ വെളിച്ചക്കുറവില്‍ അമ്പയര്‍മാരോട് പരാതി പറഞ്ഞു. അവസാനം 4-28ന് കളി നിര്‍ത്താന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുമ്പോള്‍ നെടുവീര്‍പ്പിടുകയായിരുന്നു ലങ്കന്‍ ഡ്രസ്സിംഗ് റൂം. ചായക്ക് തൊട്ട് മുമ്പായിരുന്നു ലങ്ക രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ ഇന്ത്യ പുറത്താക്കി. രണ്ട് പേരും അനാവശ്യ വൈഡ് പന്തുകള്‍ക്ക് ബാറ്റ് വെച്ചു. ചായക്ക് ശേഷം ആദ്യ ഇന്നിംഗ്‌സിലെ അര്‍ധ സെഞ്ച്വറിക്കാരായ എയ്ഞ്ചലോ മാത്യൂസും തിരിമാനെയും പുറത്തായി. പിന്നെ വന്നത് അനുഭവം കുറഞ്ഞ മധ്യനിരയായിരുന്നു. ഇവരെ വിറപ്പിച്ചു ഷമിയും ഭുവിയും. നായകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി വീണപ്പോള്‍ ഇന്ത്യന്‍ ക്യാമ്പ് വിജയം മണത്തു. 11 ഓവര്‍ പന്തെറിഞ്ഞ ഭുവി എട്ട് റണ്‍സ് മാത്രം നല്‍കി നാല് വിക്കറ്റ് നേടിയപ്പോള്‍ 9.3 ഓവര്‍ എറിഞ്ഞ ഷമി 34 റണ്‍സിന് രണ്ട് പേരെ പുറത്താക്കി. ഉമേഷ് ഒരു വിക്കറ്റ് വീഴ്ത്തി.
രാവിലെ വിരാത് കോലിയുടെ ദിനമായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്ന നായകന്‍ സുന്ദരമായി കളിച്ചിു. 119 പന്തില്‍ 12 ബൗണ്ടറികളും രണ്ട് സിക്‌സറുകളുമായി കരിയറിലെ അമ്പതാമത്തെ സെഞ്ച്വറി. കെ.എല്‍ രാഹുല്‍ (79), ശിഖര്‍ ധവാന്‍ (94) ചേതേശ്വര്‍ പുജാര (22) എന്നിവരും കാര്യമായ പിന്തുണ നല്‍കി. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ തകര്‍ത്ത ലക്മാല്‍ 93 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഷനാകയും മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ സ്വന്തം പേരില്‍ കുറിച്ചു. പരമ്പരയിലെ രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച്ച മുതല്‍ നാഗ്പ്പൂരില്‍.