ചെറുവത്തൂര്‍: ചീമേനി ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് പതാക ഉയര്‍ത്തുന്നത് തടഞ്ഞ് നേതാക്കളെ ആക്രമിച്ച ഡിവൈഎഫ്‌ഐ ഗുണ്ടായിസത്തിനെതിരെ വന്‍ പ്രതിഷേധം. സംസ്ഥാന വ്യാപകമായി നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി ചാനടുക്കം ശാഖയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയാണ് ഡിവൈഎഫ്‌ഐ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്‍, എസ്എസ്എഫ് നേതാവ് റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ അലങ്കോലപ്പെടുത്തിയത്.
പരിപാടിയുടെ ഭാഗമായി ഉയര്‍ത്തിയ പതാക ബലം പ്രയോഗിച്ച് അഴിപ്പിക്കുകയും പ്രമേയപ്രഭാഷണം നടത്തുകയായിരുന്ന ചീമേനി ടൗണ്‍ ഖതീബും എസ്എംഎഫ് സംസ്ഥാന സമിതിയംഗവുമായ ജാബിര്‍ ഹുദവി, എസ്‌കെഎസ്എസ്എഫ് ജില്ലാ സഹചാരി കോഡിനേറ്റര്‍ റാഷിദ് ഫൈസി, ശാഖാ ഭാരവാഹികളായ ഫിറോസ് ഇര്‍ഷാദി, റാസിഖ് ഇര്‍ഷാദി,ആശിഖ്, മുബശിര്‍ ഇരശാദി, മുഹമ്മദലി എന്നിവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
ചാനടുക്കം ടൗണില്‍ സ്ഥാപിച്ച പതാകമരം തുടര്‍ച്ചയായി നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പൊലിസ് ഇടപെട്ടു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇരുട്ടിന്റെ മറവില്‍ പലപ്പോഴായി പതാകയും കൊടിമരവും സാമൂഹ്യ ദ്രോഹികള്‍ പിഴുതെറിഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പെയും ഇതാവര്‍ത്തിച്ചിരുന്നു.
പതാക ഉയര്‍ത്തുന്നത് തടഞ്ഞ ഡിവൈഎഫ്‌ഐ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ മുസ്‌ലിം വിരുദ്ധ പ്രസ്താവനക്കെതിരെ പ്രതികരിച്ചതിന് സമസ്തയ്‌ക്കെതിരെ പി.ജയരാജന്‍ വര്‍ഗീയ ആരോപണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമം. പതാക ഉയര്‍ത്തുന്നത് തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ എസ്‌കെഎസ്എസ്എഫ് പൊലീസില്‍ പരാതി നല്‍കി.