X

തണുപ്പുകാലത്തെ പ്രതിരോധിക്കാന്‍ കുറുക്കുവഴികള്‍ ഇതാ

വരാനിരിക്കുന്നത് തണുപ്പുകാലമാണ്. തുലാം മുതല്‍ വൃശ്ചികം, ധനു, മകരംവരെ, അഥവാ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ കാറ്റിന്റെയും തണുപ്പിന്റെയും കാലമാണ്. ത്വക്ക് വരണ്ടുണങ്ങുക, ശരീരത്തില്‍ ജലം കുറയുക, ദാഹം തോന്നുക തുടങ്ങിയവയെ പ്രതിരോധിക്കാന്‍ മാര്‍ഗങ്ങളിതാ.

ശരീരത്തില്‍ ജലാംശം പരമാവധി ഉറപ്പുവരുത്തുകയാണ് ഇതിലൊന്ന്. ഇതിനായി പരമാവധി വെള്ളം കുടിക്കുക. ദിവസം നാല് ലിറ്ററെങ്കിലും വെള്ളം അകത്താക്കിയിരിക്കണം. തൊലിപ്പുറത്തെ വരള്‍ച്ച ഒഴിവാക്കാന്‍ മുഖത്തും മറ്റും കക്കരിക്ക കൊണ്ടുള്ള ലേപനം പുരട്ടുക. ഇത് വീട്ടില്‍തന്നെ തയ്യാറാക്കാം. കക്കരിക്ക മുറിച്ചെടുത്ത് ഉടച്ച് തേക്കുകയാണ് വരണ്ട തൊലിക്കുള്ള പ്രതിവിധി. ശബരിമല സീസണായതിനാല്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ഭക്തര്‍ക്ക് പ്രത്യേകമായ ശ്രദ്ധവേണം. അതിരാവിലെയുള്ള കുളി ശരീരത്തിന് ഉന്മേഷം നല്‍കും. എങ്കിലും കുളിക്കുന്നതിന് മുമ്പ് ചെറിയതോതില്‍ വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ താപം നിലനിര്‍ത്താന്‍ സഹായിക്കും.

തണുപ്പ് കാരണം ജലദോഷം പതിവാകുന്നതുകാരണം പരമാവധി ചൂടുവെള്ളം കുടിക്കണം. ഗുളികകളെ ആശ്രയിക്കുന്നതിനേക്കാള്‍ നല്ലത് പരമാവധി വെളിയില്‍ തണുപ്പുനേരത്ത് പോകാതിരിക്കലാണ്. അതിരാവിലെയുള്ള മഞ്ഞ് ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാക്കും. ചെറുനാരങ്ങ നീര് ഇട്ടുള്ള ചൂടുവെള്ളം നല്ലതാണ്. കമ്പിളി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനൊപ്പം മുറിയില്‍ ചൂട് നിലനിര്‍ത്തുന്നതിനുള്ള സുരക്ഷിതമായ ഉപകരണങ്ങള്‍ വെക്കാം. കുഞ്ഞുങ്ങളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കട്ടിയുള്ളതും ദഹിക്കാന്‍ പ്രയാസമുള്ളതുമായ ഭക്ഷണം തീര്‍ച്ചയായും ഒഴിവാക്കുക.

Test User: