വിവിധ ക്ഷേമ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ദുര്‍ബല വിഭാഗത്തില്‍ പെടുന്ന ജനങ്ങള്‍ക്ക് അവ തുടര്‍ന്നും ലഭിച്ചുകൊണ്ടിരിക്കുവാന്‍ വില്ലേജ് ഓഫീസറില്‍ നിന്ന് ഒരു ലക്ഷം രൂപക്ക് താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി നല്‍കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ഇതിനുവേണ്ടി നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക്, അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ തന്നെ, അന്നുമുതലുള്ള പെന്‍ഷന്‍ ലഭിക്കുമെങ്കിലും ഹാജരാക്കാന്‍ കഴിയാതിരുന്ന സമയത്ത് പെന്‍ഷന്‍ നല്‍കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ തന്നെ പല പുതിയ നിബന്ധനകളും മുന്നോട്ടു വെച്ചുകൊണ്ട് ലക്ഷക്കണക്കിന് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വ്യക്തികള്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്.
അതിനെല്ലാം ശേഷമാണ് പുതിയ ഇത്തരം ഒരു നിബന്ധന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. നേരത്തെ നടപ്പിലാക്കിയ നിബന്ധന പ്രകാരം തന്നെ സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ മാത്രമേ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ പട്ടികയില്‍ അവശേഷിച്ചിരിക്കുന്നുള്ളൂ എന്നുള്ളതുകൊണ്ട് ഇടക്കുവെച്ച് ഇത്തരം ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് തന്നെ അനാവശ്യമാണ്.
ദുര്‍ബലരായ ജനവിഭാഗങ്ങളുടെ മേല്‍ പുതിയ ഭാരങ്ങള്‍ അടിച്ചേല്‍പ്പിച്ച്, ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുവാന്‍ എന്തുമാര്‍ഗം എന്നാണ് സര്‍ക്കാര്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. വില്ലേജ് ഓഫീസുകളില്‍ ഈ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുവേണ്ടി അഭൂദപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ താല്‍ക്കാലിക ചുമതലകള്‍ ലഭിച്ചവര്‍ക്ക് ഒന്നിലധികം വില്ലേജ് ഓഫീസിന്റെ പരിധിയില്‍ ഈ സര്‍ട്ടിഫിക്കറ്റ് കൊടുക്കുവാന്‍ യഥാസമയം സാധ്യമാവാത്ത സ്ഥിതിവിശേഷം ഉണ്ട്.
പെന്‍ഷന്‍ നിലവില്‍ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെ കുറ്റം കൊണ്ടല്ലാതെ തന്നെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ യഥാസമയം സാധ്യമല്ലാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. ഇതെല്ലാം പരിഗണിച്ച് ഈ പുതിയ നിബന്ധന പൂര്‍ണമായും ഒഴിവാക്കുകയോ അല്ലാത്തപക്ഷം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ ഒരു മാസത്തെ സമയം കൂടി അനുവദിക്കുകയോ ചെയ്യണമെന്ന് മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നല്‍കുവാനുള്ള കുടിശ്ശിക വളരെ പെട്ടെന്ന് കൊടുത്തു തീര്‍ക്കണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി അബ്ദുല്‍ഹമീദ്. എം. എല്‍. എ, അഷറഫ് കോക്കൂര്‍, എം.എ ഖാദര്‍, എം.കെ ബാവ, ഇസ്മായില്‍ മൂത്തേടം, ഉമ്മര്‍ അറക്കല്‍, പി സൈതലവി മാസ്റ്റര്‍, കുഞ്ഞാപ്പു ഹാജി തുവൂര്‍, നൗഷാദ് മണിശ്ശേരി, കെ.എം അബ്ദുല്‍ ഗഫൂര്‍, അന്‍വര്‍ മുള്ളമ്പാറ, പി.എം. എ സമീര്‍, എ.പി ഉണ്ണികൃഷ്ണന്‍, അഡ്വ: പി.പി. ആരിഫ് പ്രസംഗിച്ചു.