ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ആര്‍.എസ്.എസ് നേതാക്കളുമായി സംഭാഷണം നടത്തിയതിന് ന്യായീകരണവുമായി ജമാഅത്ത് മുഖപത്രം. ജനുവരി 14ന് നടന്നത് 2022 ഓഗസ്റ്റില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ച മാത്രമാണെന്നും അതൊരു സ്വകാര്യഡീലല്ലെന്നും മാധ്യമം മുഖ്യപത്രാധിപരും ജമാഅത്തെ നേതാവുമായ ഒ. അബ്ദുറഹ്മാന്‍ ലേഖനത്തില്‍ പറഞ്ഞു. നജീബ് ജംഗ്, എസ്.വൈ ഖുറേഷി, ഷാഹിദ് സിദ്ദീഖി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ആര്‍.എസ്.എസ് നേതാക്കളുമായി ജമാഅത്തെ നേതാക്കള്‍ സംസാരിച്ചത്. അതേസമയം തന്നെ ആര്‍.എസ്.എസ് ഉയര്‍ത്തിപ്പിടിക്കുന്ന ആശയവുമായി പൊരുത്തപ്പെടുന്നില്ലെന്നും മൂസാനബി ഫിറൗനുമായി നടത്തിയ ചര്‍ച്ചയാണ് ഉദാഹരണമെന്നും പത്രാധിപര്‍ വ്യക്തമാക്കി. അടുത്ത തവണ കൂടി അധികാരത്തില്‍വരാനുള്ള തന്ത്രമായിരിക്കാം ചര്‍ച്ചക്ക് പിന്നിലെന്ന് പറയുന്ന ലേഖനത്തിലാണ് സമാധാനം പാലിക്കുമ്പോള്‍ തന്നെ കരുതിയിരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. മാറാട് കലാപകാലാന്തരം നടന്ന ചര്‍ച്ചയും ഉദാഹരിക്കുന്നുണ്ട്. കരുതിയിരിക്കേണ്ട വെടിമരുന്ന് ഇന്ത്യയില്‍ ബാലറ്റാണെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു. മുസ്‌ലിം ലീഗ്, മുജാഹിദ്, സമസ്ത തുടങ്ങിയ സംഘടനകളെല്ലാം ചര്‍ച്ചയെ എതിര്‍ത്ത പശ്ചാത്തലത്തിലാണ് വിശദീകരണം.