കോതമംഗലത്ത് ആറു വയസ്സുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ സത്യം പുറത്ത്. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനായിരുന്നു കൊലപാതകം.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു കിടന്ന മകള്‍ ഇന്ന് രാവിലെ എഴുന്നേറ്റില്ലെന്നായിരുന്നു കുട്ടിയുടെ പിതാവും കൊലപാതകിയായ രണ്ടാനമ്മയും പൊലീസിനോട് പറഞ്ഞിരുന്നത്. ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയില്ല. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ കുട്ടിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തു വന്നത്.
തുടര്‍ന്ന് പിതാവ് അജാസ് ഖാനെയും രണ്ടാനമ്മയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇന്നലെ രാത്രി പിതാവായ അജാസ് വീട്ടില്‍ നിന്നും പുറത്തുപോയ സമയത്താണ് കുട്ടിയുടെ കഴുത്തു ഞെരിച്ച് രണ്ടാനമ്മ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ അജാസ് ഖാന് പങ്കില്ലെന്നാണ് പോലീസ് നിഗമനം.