കൊല്ലം: ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത് ഒരു കുടുംബത്തിലെ മൂന്ന് പേരെയെന്ന് സൂചന. ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഭാര്യ കവിത, മകള്‍ അനുപമ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തട്ടികൊണ്ടുപോകലുമായി നേരിട്ട് ബന്ധമുള്ള പത്മകുമാറിനെ കെഎപി ക്യാമ്പില്‍ ചോദ്യം ചെയ്യുകയാണ്.
കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപത്തുള്ള പുളിയറൈയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന. ഔദ്യോഗിക വിവരങ്ങള്‍ പൊലീസ് ഉടന്‍ പുറത്തുവിടും.
ഉച്ചയ്ക്ക് 1.45നാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് പേരും കേസുമായി നേരിട്ട് ബന്ധമുള്ളവരാണ് എന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
പട്ടാപ്പകല്‍ ആറ് വയസുകാരിയെ ഓയൂരിലെ വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയും പോലീസും നാട്ടുകാരും ഉടന്‍തന്നെ വ്യാപക തിരച്ചില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത ദിവസം കൊല്ലം നഗരഹൃദയത്തിലെ ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. വ്യാപക പരിശോധനയ്ക്കിടയിലും പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതികള്‍ക്ക് കൊല്ലം നഗരത്തില്‍ എത്താന്‍ കഴിഞ്ഞത് എങ്ങനെ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.
പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതും കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനംപോലും കണ്ടെത്താന്‍ കഴിയാതിരുന്നതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍ എടുത്തുവെന്ന സുപ്രധാന വിവരം പുറത്തുവരുന്നത്.